ഊട്ടി–മേട്ടുപ്പാളയം പാതയിൽ മണ്ണിടിച്ചിൽ; പൈതൃക ട്രെയിൻ റദ്ദാക്കി, സ്പെഷൽ ട്രെയിൻ സർവീസും റദ്ദാക്കി
Mail This Article
കോയമ്പത്തൂർ ∙ ഊട്ടി– മേട്ടുപ്പാളയം റെയിൽപാതയിൽ മണ്ണിടിച്ചിലിനെത്തുടർന്നു മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിൽ തിങ്കൾ വരെ പൈതൃക ട്രെയിനിന്റെ സർവീസ് റദ്ദാക്കി. സ്പെഷൽ ട്രെയിൻ സർവീസും റദ്ദാക്കി. മേട്ടുപ്പാളയത്തു നിന്നു 12 കിലോമീറ്റർ അകലെ അഡർലിക്കും ഹിൽഗ്രോവിനും മധ്യേയാണു പാളത്തിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും പതിച്ചത്. വെള്ളിയാഴ്ച മേഖലയിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ പാളം പരിശോധിച്ച ജീവനക്കാരാണ് ഇതു കണ്ടെത്തിയത്.
50 അടിയോളം ഉയരത്തിൽ നിന്നാണു മണ്ണിളകി പാറക്കല്ലുകൾ പതിച്ചത്. മേട്ടുപ്പാളയത്തു നിന്ന് 7.10നു ട്രെയിൻ പുറപ്പെടാനിരിക്കെയാണു മണ്ണിടിഞ്ഞതായി വിവരം കിട്ടിയത്. ഇതോടെ ട്രെയിൻ റദ്ദാക്കി യാത്രക്കാർക്കു ടിക്കറ്റ് തുക മടക്കി നൽകി. മേട്ടുപ്പാളയത്തു നിന്നു നാൽപതോളം ജീവനക്കാർ പ്രത്യേക ട്രെയിനിൽ സ്ഥലത്തെത്തിയാണു പാറ പൊട്ടിച്ചു നീക്കിയത്. വൈകിട്ടോടെ പാറകൾ ട്രാക്കിൽ നിന്നു മാറ്റി. മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിയുമെന്ന് ആശങ്കയുണ്ട്. ട്രാക്കിലെ മണ്ണും കല്ലും നീക്കിയെങ്കിലും മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണു തിങ്കൾ വരെ സർവീസുകൾ റദ്ദാക്കിയത്. കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ചു യാത്ര പുനരാരംഭിക്കുന്ന ദിവസം നാളെ വൈകിട്ട് അറിയിക്കും.