കാഞ്ഞിരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ
Mail This Article
കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരത്തും സമീപ പ്രദേശങ്ങളിലും തെരുവു നായകളുടെ ശല്യം രൂക്ഷം. ജനങ്ങൾ ഭീതിയിൽ. അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തം. ദിവസങ്ങൾക്കു ശേഷം ഇന്നലെ വീണ്ടും കാഞ്ഞിരത്തു തെരുവു നായയുടെ അതിക്രമം ഉണ്ടായത്. ജനങ്ങൾക്കു നേരെ എത്തിയെങ്കിലും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു.
എന്നാൽ, മറ്റു നായകൾക്കു നേരെ ആക്രമണമുണ്ടായി. ഇതോടെ നാട്ടുകാർ സംഘടിച്ചു തെരുവു നായയെ നേരിടാൻ ഒരുങ്ങിയെങ്കിലും ഓടിരക്ഷപ്പെട്ടു. പേ ബാധയുള്ള തെരുവു നായയാണ് ആക്രമിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. ദിവസങ്ങൾക്കു മുൻപു കാഞ്ഞിരത്തും കല്ലംകുളത്തും പേ നായയുടെ ആക്രമണത്തിൽ രണ്ടു സ്ത്രീയടക്കം മൂന്നു പേർക്കു കടിയേറ്റിരുന്നു.
കൂടാതെ വളർത്തു മൃഗത്തിനും കടിയേറ്റു. കടിയേറ്റവർ പ്രതിരോധ കുത്തിവയ്പെടുത്തു. ഇതിനിടെയാണു ഇന്നലെ വീണ്ടും ആക്രമണം. കാഞ്ഞിരത്തും സമീപ പ്രദേശങ്ങളിലും തെരുവു നായകളുടെ ശല്യം ഏറിയിട്ടുണ്ട്. പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പൊതുജനത്തിന്റെ ജീവനു ഭീഷണിയാകുന്ന തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ ഇനിയെങ്കിലും നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.