ADVERTISEMENT

വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അര്‍ധരാത്രി മുതൽ ടോൾ നിരക്കു വര്‍ധിപ്പിക്കും. ഏപ്രില്‍ ഒന്നു മുതല്‍ ‌ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നെങ്കിലും തിരഞ്ഞടുപ്പു കാലത്തു വര്‍ധന വേണ്ടെന്നു ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു നീട്ടിവച്ച വര്‍ധനയാണ് ഇന്നു മുതല്‍ നടപ്പാക്കുക. 2022 മാർച്ച് 9 മുതലാണു പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോൾ 2022 ഏപ്രിൽ മുതൽ നിരക്കു വർധിപ്പിച്ചു. വീണ്ടും 2023 ഏപ്രിലിൽ നിരക്കു കൂട്ടി. പ്രദേശവാസികളുടെ വാഹനങ്ങളില്‍ നിന്നു ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ അതു മാത്രമാണു പിൻവലിച്ചത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ പ്രദേശവാസികളായ യാത്രക്കാർ ഇപ്പോൾ സൗജന്യയാത്ര തുടരുന്നുണ്ടെങ്കിലും അതും പിൻവലിക്കുമെന്നാണു സൂചന.

പന്നിയങ്കരയിൽ പിരിക്കുന്ന ടോൾ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നതു കുതിരാൻ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. 40 ശതമാനം തുകയാണു റോഡിലൂടെ പോകുന്നതിന് ഈടാക്കുന്നത്. കുതിരാന്‍ ഇരട്ടത്തുരങ്കങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തില്‍ നിര്‍മാണം നടക്കുന്നതിനാൽ ഒരു തുരങ്കത്തിലൂടെ മാത്രമാണു വാഹനങ്ങള്‍ കടത്തിവിടുന്നത്. കുതിരാൻ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാൽ ടോൾ തുകയിൽ ആനുപാതികമായ കുറവു നൽകണമെന്നു യാത്രക്കാർ ആവശ്യപ്പെടുമ്പോഴാണു പുതിയ നിരക്കു വർധന. കുതിരാൻ തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണികൾ ഇനിയും നീളും. ജനുവരിയിൽ ആരംഭിച്ച പണികൾ പൂർത്തിയായിട്ടില്ല.

പന്നിയങ്കരയില്‍ പുതിയ നിരക്ക് ഇങ്ങനെ:

(ബ്രാക്കറ്റിൽ പഴയ നിരക്ക്) ∙മടക്കയാത്ര ചേർത്ത്, ∙മാസ പാസ് (50 ഒറ്റയാത്ര) എന്ന ക്രമത്തിൽ

> കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ- 110 (110), ∙165 (160), ∙3695 (3605)

> മിനി ബസ്, ചെറിയ വാണിജ്യ വാഹനങ്ങൾ -170 (165), ∙255 (250), ∙5720 (5575)

> ബസ്, ‌ട്രക്ക്, (രണ്ട് ആക്സിൽ) 350 (340), ∙520 (510), ∙11590 (11300)

> വലിയ വാഹനങ്ങൾ (3-6 ആക്സിൽ) 530 (515), ∙795 (775), ∙17675 (17235)

> ഏഴിൽ കൂടുതൽ ആക്സിലുള്ള വാഹനങ്ങൾ 685 (665), ∙1000 (1025), ∙22780 (22210)

പ്രതിഷേധ സമരം ഇന്ന്
വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സ്കൂള്‍ ബസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിൽ ടോൾ നിരക്കു വർധനയ്ക്കെതിരെ ഇന്നു വൈകിട്ട് 5ന് പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രതിഷേധ സമരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.സ്കൂൾ വാഹനങ്ങൾക്കു ടോൾ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടതിനെതിരെ രക്ഷിതാക്കള്‍ അടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കും. നാളെ ടോള്‍ പ്ലാസയ്ക്കു മുന്‍പില്‍ വിദ്യാര്‍ഥികളും പ്രതിഷേധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com