കുതിരാൻ തുരങ്കത്തിലെ കോൺക്രീറ്റിങ് പൂര്‍ത്തിയായി; തുരങ്കം ഈ മാസം തുറക്കുമെന്ന് നിര്‍മാണ കമ്പനി
Mail This Article
വടക്കഞ്ചേരി∙ കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി. ബാക്കി പണികൾ കൂടി പൂർത്തിയാക്കി ഇൗ മാസം തുരങ്കം തുറന്നു കൊടുക്കുമെന്നു നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. തുരങ്കത്തിനുള്ളിലെ വൈദ്യുതീകരണവും എക്സോസ്റ്റ് ഫാനുകളുടെ പ്രവര്‍ത്തനവും പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തും. വെന്റിലേഷൻ, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, യന്ത്രവൽകൃത തീയണയ്ക്കൽ സംവിധാനം, തീയണയ്ക്കാനുള്ള വാൽവുകൾ എന്നിവ തുരങ്കത്തിനുള്ളിൽ സ്ഥാപിക്കണമെന്ന് അഗ്നിസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോളിയം ടാങ്കറുകൾ അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ദുരന്തനിവാരണത്തിന് ശക്തമായ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. തുരങ്കത്തിലെ സുരക്ഷ ഉറപ്പാക്കാൻ പത്തോളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ ദൃശ്യങ്ങൾ സിസിടിവി വഴി പൊലീസിനു കാണുന്നതിനും സൗകര്യമുണ്ട്.