ADVERTISEMENT

∙പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ സിപിഎമ്മിന്റെ പരമേ‍ാന്നത സമിതിയായ പൊളിറ്റ്ബ്യൂറേ‍ാ അംഗമാണ്. സംസ്ഥാനത്തു മത്സരിച്ച ഏക പിബി അംഗം. എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരിക്കെ 34 വർഷം മുൻപു കേ‍ാൺഗ്രസിലെ വി.എസ്.വിജയരാഘവനേ‍ാടു മത്സരിച്ചു പാലക്കാട്ടു നിന്നു ലേ‍ാക്സഭയിലെത്തി. ഇത്തവണത്തെ മത്സരത്തെയും ഫലത്തെയും കുറിച്ച് എ.വിജയരാഘവൻ സംസാരിക്കുന്നു.

Q ഇടതിനു നല്ല സ്വാധീനമുള്ള മണ്ഡലമായ പാലക്കാട് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നേ‍ാ?
A ഒരിക്കലുമില്ല. ഇടതുപാർട്ടികൾക്കു ഭേദപ്പെട്ട സ്വാധീനമുണ്ട് മണ്ഡലത്തിൽ. എന്നാൽ, പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട് നിയേ‍ാജക മണ്ഡലങ്ങളിൽ യുഡിഎഫിനാണു പിന്തുണ കൂടുതൽ എന്ന വസ്തുതയും മനസ്സിൽ വേണം. മണ്ണാർ‌ക്കാട്ട് ന്യൂനപക്ഷ വേ‍ാട്ടും കൂടുതലുണ്ട്. പാലക്കാട്, പ്രത്യേകിച്ചു നഗരത്തിൽ നേരത്തേ മുതൽ സിപിഎം പിന്നാക്കമാണ്. കേ‍ാങ്ങാട് തുല്യമാണ്. അതിനാൽ പാർലമെന്റ് മണ്ഡലത്തിൽ വിജയിക്കാൻ എളുപ്പവഴിയെ‍ാന്നുമില്ല. പോരാടി പിടിച്ചെടുക്കുകയാണു വഴി. അതിനുള്ള പ്രവർത്തനത്തിൽ പിന്നാക്കം പേ‍ായിട്ടില്ല.

Q പാർട്ടി പ്രാദേശിക വിഭാഗീയത, മുന്നണിയിലെ ദൗർബല്യം, അസ്വാരസ്യം തുടങ്ങിയവ ബാധിച്ചോ ?
A എല്ലാ തലത്തിലും അവസാനംവരെ ഐക്യത്തേ‍ാടെയാണു മുന്നണി പ്രവർത്തിച്ചത്. പാർട്ടി പ്രവർത്തകർ 100% സജീവമായി. മികച്ച പ്രവർത്തനവും പ്രചാരണവുമാണു നടത്തിയത്. ഏകേ‍ാപനവും മികച്ചതായിരുന്നു. പാർട്ടിയിലെ പ്രശ്നങ്ങൾ എന്നതു ചിലരുടെ വ്യാഖ്യാനങ്ങളും ഊഹാപേ‍ാഹങ്ങളുമാണ്. പെ‍ാതുവായ ചില രാഷ്ട്രീയ ഘടകങ്ങളാണു ഫലത്തെ സ്വാധീനിച്ചത്. അതു സംസ്ഥാനത്തു മെ‍ാത്തത്തിലുണ്ടായല്ലേ‍ാ.

Q പാർട്ടിയുടെ ബൂത്ത് തല കണക്കിൽ വിജയം ഉറപ്പായിരുന്നോ ?
A. ജനത്തിന്റെ വേ‍ാട്ട് മുഴുവൻ പാർട്ടിക്കു കണക്കാക്കാൻ കഴിയില്ലെന്ന് ഒ‍ാർമിക്കണം. പ്രവർത്തകർക്കു പെ‍ാതുവായി കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളിലെത്താം. മറ്റു പാർട്ടികളിലും ഈ രീതിയുണ്ട്.

Q പ്രചാരണ വിഷയങ്ങളിലെ അമിതാവേശം ഒരു വിഭാഗത്തിൽ അമർഷമുണ്ടാക്കിയെന്ന തേ‍ാന്നലുണ്ടേ‍ാ ?
A. അതു വിശദമായി പഠിക്കേണ്ടതുണ്ട്. പ്രചാരണത്തിനു തിരഞ്ഞെടുത്ത വിഷയങ്ങളേ‍ാടു വിവിധ ജനവിഭാഗങ്ങൾ എങ്ങനെ പ്രതികരിച്ചെന്നു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പെ‍ാതുവായി രാജ്യം ചർച്ച ചെയ്ത വിഷയങ്ങളാണു പാർട്ടിയും സ്വീകരിച്ചത്. അതിന്റെ പ്രയേ‍ാഗത്തിൽ പാളിച്ചയുള്ളതായി നിലവിൽ ശ്രദ്ധയിൽപെട്ടിട്ടില്ല. എല്ലാറ്റിനും ഒരു മറുവശം ഉണ്ടാകുമല്ലേ‍ാ.

Q പാർട്ടി പ്രവർത്തകരുടെ വേ‍ാട്ടും യുഡിഎഫിനു ലഭിച്ചെന്ന ആരേ‍ാപണത്തെക്കുറിച്ച് ?
A അങ്ങനെ പറയാൻ പറ്റില്ല. സിപിഎം സ്വാധീനമുള്ള പഞ്ചായത്തുകളിൽ ഭൂരിപക്ഷം വ്യാപകമായി ഇല്ലാതാവുകയും വേ‍ാട്ടിന്റെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ടെങ്കിൽ പരിശേ‍ാധിക്കും. പരമ്പരാഗതമായി ഇടതിനു സ്വാധീനമുള്ള പഞ്ചായത്തുകളിൽ ലീഡ് നിലനിർത്തി. എന്നാൽ, വേ‍ാട്ടിന്റെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടാകാം.

Q മൂന്നു പതിറ്റാണ്ടിനു ശേഷമുള്ള പാലക്കാട്ടെ മത്സരത്തെക്കുറിച്ച് ?
A അഞ്ചു വർഷം മണ്ഡലത്തിലുണ്ടായിരുന്ന എംപിയുടെ പ്രവർത്തനം മറികടന്നു വേണം വേ‍ാട്ടുറപ്പിക്കാൻ. രാഷ്ട്രീയമായി നല്ല മെയ്‌വഴക്കം വേണ്ട സംഗതിയാണത്. മത്സരിച്ചാൽ മതി, ജയിക്കുമെന്ന വിചാരം ആർക്കുമുണ്ടായിരുന്നില്ല. പരിചയമുള്ള മണ്ഡലത്തിൽ ആവേശത്തേ‍ാടെയാണു സ്ഥാനാർഥിയായത്. ആദ്യ തിരഞ്ഞെടുപ്പിൽ വി.എസ്.വിജയരാഘവനെതിരെ നാമനിർദേശപത്രിക നൽകാൻ പേ‍ാകുമ്പേ‍ാൾത്തന്നെ ചിലർ മത്സരത്തിന്റെ കടുപ്പത്തെക്കുറിച്ചു മുന്നറിയിപ്പു തന്നിരുന്നു.

Q ഇത്തവണയും എൽഡിഎഫ് സംസ്ഥാനത്ത് ഒറ്റ സീറ്റ് വിജയത്തിൽ ഒതുങ്ങിയത് ?
A. വലിയ പരിശേ‍ാധന ആവശ്യമുള്ള ഗൗരവമുള്ള വിഷയമാണത്. എല്ലാ തലത്തിലും പാർട്ടി അതു വിശകലനം ചെയ്യും. മുന്നണിതലത്തിലും ചർച്ച ചെയ്യുന്നുണ്ട്. വേ‍ാട്ടുകണക്കുകളും ജനങ്ങളുടെ പ്രതികരണവും സൂക്ഷ്മമായി തന്നെ പരിശേ‍ാധിച്ചു മുന്നേ‍ാട്ടു പേ‍ാകും. തിരുത്തേണ്ടതു തിരുത്തിയിരിക്കും. തിരിച്ചുവരാൻ കഠിനാധ്വാനം വേണം. അതുണ്ടാകും.

Q കനത്ത പരാജയത്തിനു പ്രധാന കാരണം ശക്തമായ ഭരണവിരുദ്ധ വികാരമല്ലേ ?
A. അങ്ങനെ പറയാൻ പറ്റില്ല. പല ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഭരണവിരുദ്ധവികാരം എന്ന ആക്ഷേപം വിശദമായി ചർച്ച ചെയ്യും. കേന്ദ്രസർക്കാർ സംസ്ഥാനത്തിനുമേൽ അടിച്ചേൽപിച്ച സാമ്പത്തികഭാരവും ഞെരുക്കവും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പല തലത്തിലുള്ള വർഗീയത, ഭരണവിരുദ്ധമായ നീക്കങ്ങളുടെ ഏകേ‍ാപനം എന്നിവയെ‍ാക്കെ തേ‍ാൽവിക്കു കാരണമായിട്ടുണ്ട്. എല്ലാം വിശദമായി പരിഗണിക്കും, നടപടിയുണ്ടാകും.

Q മുതിർന്ന നേതാവെന്ന നിലയിൽ മത്സരം ഒ‍ാർമിപ്പിക്കുന്നത് ?
A. ആദ്യദിനം മുതൽ തിരഞ്ഞെടുപ്പു പ്രവർത്തനം ആവേശവും ആഹ്ലാദവും നിറഞ്ഞതായിരുന്നു. തീവ്രവും തീക്ഷ്ണവുമായ രാഷ്ട്രീയമാണു നേരിട്ടത്. മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങി. തിരഞ്ഞെടുപ്പിൽ വിജയവും പരാജയവും മാത്രമല്ല സംഭവിക്കുന്നത്. പുതിയ ബന്ധങ്ങൾ, രാഷ്ട്രീയ കാഴ്ചപ്പാടുകൾ, അടിസ്ഥാന കാര്യങ്ങളിൽ സൂക്ഷ്മമായ തിരിച്ചറിവ് തുടങ്ങി പലതും നേടാനാകും. അതെല്ലാം വരും ദിവസത്തെ പ്രവർത്തനത്തിനും അടുത്ത തിരഞ്ഞെടുപ്പിനുമുള്ള കൈമുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com