കലക്ടറുടെ വീടിനു സമീപത്തെ ചന്ദനമരം കവർന്നു
Mail This Article
കോയമ്പത്തൂർ∙ ജില്ലാ കലക്ടറുടെ ക്യാംപ് ഓഫിസിന് സമീപത്തുണ്ടായിരുന്ന ചന്ദനമരം കാണാനില്ല. പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ താമസിക്കുന്ന റേസ് കോഴ്സിൽ നിന്നു 2 ദിവസം മുൻപ് മോഷ്ടാക്കൾ മുറിച്ചു കൊണ്ടു പോയ ചന്ദനമരത്തെ കുറിച്ചുള്ള വിവരം അധികൃതർ അറിഞ്ഞത് ചൊവ്വാഴ്ച രാവിലെ മാത്രം. തൊട്ടടുത്തുള്ള സർക്കാർ ആർട്സ് കോളജ് ഹോസ്റ്റലിനോട് ചേർന്ന റോഡിലാണ് മരം ഉണ്ടായിരുന്നത്. 3 വർഷം പ്രായമുള്ള മരം ഏത് സമയത്താണ് മുറിച്ചു കൊണ്ടു പോയതെന്ന് പരിശോധിക്കുന്നതായി റേസ് കോഴ്സ് പൊലീസ് പറഞ്ഞു. രാവിലെയും വൈകിട്ടും നിരവധി പേരാണ് ഈ വഴി കടന്നുപോകുന്നത്. കൂടാതെ 24 മണിക്കൂറും പൊലീസിന്റെ കാവലുള്ള സ്ഥലം കൂടിയാണ്.
കോളജ് വിദ്യാർഥികൾ പ്രിൻസിപ്പലിനോട് വിവരമറിയിച്ചപ്പോഴാണ് പൊലീസിനും കാര്യം അറിഞ്ഞത്. മരത്തിന്റെ കുറ്റി മാത്രമാണ് അവശിഷ്ടമായി സ്ഥലത്ത് നിൽക്കുന്നത്. ഇതിന് മുൻപും പലതവണ കലക്ടറുടെ ബംഗ്ലാവിനകത്ത് നിന്നു ചന്ദനമരം മോഷ്ടിച്ചവരെ ഇതുവരെയും കണ്ടെത്താനായില്ല. ഇത്തവണ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുമെന്ന് വനം, പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.