ADVERTISEMENT

കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്തിലെ കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കിയില്ല; മുഖം നഷ്ടപ്പെട്ട് വിവിധ വകുപ്പു കാര്യാലയങ്ങൾ. കുമരനല്ലൂർ മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാതെ വർഷങ്ങളായി ഉപയോഗശൂന്യമായും അപകടാവസ്ഥയിലും കിടക്കുന്നത്.




കപ്പൂർ പഞ്ചായത്ത് കോംപൗണ്ടിന് മുന്നിലെ കാടു മൂടിക്കിടക്കുന്ന പഴയ മത്സ്യ മാംസ മാർക്കറ്റ് കെട്ടിടം.
കപ്പൂർ പഞ്ചായത്ത് കോംപൗണ്ടിന് മുന്നിലെ കാടു മൂടിക്കിടക്കുന്ന പഴയ മത്സ്യ മാംസ മാർക്കറ്റ് കെട്ടിടം.

കൃഷിഭവൻ, സബ് റജിസ്ട്രാർ ഓഫിസ്, വിഇഒയുടെ ഓഫിസ്, എൻആർഇജിഎസ് ഓഫിസ്, എൽഎസ്ജി‍ഡി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസ്, കുടുംബശ്രീ ഓഫിസ് എന്നിവയ്ക്ക് പുറമെ കുടുംബശ്രീ വനിതാ കന്റീനും ജിവനം ഇക്കോഷോപ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുതുതായി കപ്പൂർ വില്ലേജ് ഓഫിസും ഇൗ കോംപൗണ്ടിൽ വരാൻ പോവുകയാണ്. ഇൗ ഓഫിസുകളുടെ എല്ലാം മുഖം മറച്ചാണ് കാലഹരണപ്പെട്ട കെട്ടിടങ്ങൾ നിൽക്കുന്നത്. ദിവസവും നൂറുകണക്കിന് ആളുകളും വാഹനങ്ങളും ഇവിടെ വന്നു പോകുന്നുണ്ട്. എന്നാൽ, മതിയായ വഴി സൗകര്യം ഇല്ലാത്തതും ജനത്തിന് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്.

കപ്പൂർ പഞ്ചായത്ത് നാലു പതിറ്റാണ്ടു മുൻപു പണിത മത്സ്യ–മാംസ വിപണന കേന്ദ്രവും പിന്നീട് അതിനടുത്തായി പണിത മറ്റൊരു കെട്ടിടവുമാണ് നിലംപൊത്താറായി നിൽക്കുന്നത്. ഇതിലെ വ്യാപാരികളെ മാറ്റിയിട്ടു തന്നെ എട്ടു വർഷത്തിലധികമായി. കപ്പൂർ കൃഷിഭവനിലേക്കും മറ്റും എത്തുന്ന വലിയ ചരക്കുവാഹനങ്ങൾ കോംപൗണ്ടിൽ പ്രവേശിപ്പിക്കാൻ കഴിയാത്ത തരത്തിലാണ് ഇവിടേക്കുള്ള നിലവിലെ പ്രവേശന കവാടം. അതുകൊണ്ടുതന്നെ തൈകളായാലും വിത്തായാലും സാധനങ്ങൾ പുറത്തിറക്കി ചെറിയ വാഹനത്തിൽ മാറ്റിക്കയറ്റി വേണം കൃഷിഭവൻ പരിസരത്ത് എത്തിക്കാൻ ഇത് വരുത്തുന്ന അധികച്ചെലവും ചെറുതല്ല. 

ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി കെട്ടിടം പൊളിക്കാൻ ലേലം ചെയ്തു നൽകിയെങ്കിലും ലേലം പിടിച്ചവർ പിന്നീട് ഇവിടേക്ക് വന്നില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വീണ്ടും ലേലം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.പഴയ കെട്ടിടം പൊളിച്ചാൽ പുതിയ കെട്ടിടത്തിന്റെ തറപ്പണി നടത്താനുള്ള ലക്ഷങ്ങൾ വിലവരുന്ന കരിങ്കല്ലു ലഭിക്കും. അത്രയും ഉയരത്തിൽ കെട്ടിപ്പൊക്കിയതാണ് ഇൗ കെട്ടിടത്തിന്റെ തറ. ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്താൽ പൊതു പരിപാടികൾക്ക് വാടകയ്ക്ക് നൽകാൻ കഴിയുന്ന മിനി ഓഡിറ്റോറിയവും ഷോപ്പിങ് കോംപ്ലക്സും ഉൾപ്പെടെ ഇവിടെ പണിയാനുമാകും. പഞ്ചായത്തിനും അതു ദീർഘകാല വരുമാനമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com