ADVERTISEMENT

പാലക്കാട് ∙ വടകരയിൽ വിജയക്കൊടി പാറിച്ച നിയുക്ത എംപി ഷാഫി പറമ്പിലിന് ആവേശ വരവേൽപുമായി പാലക്കാട്. പടക്കം പൊട്ടിച്ച്, പാട്ടിന്റെയും കൊട്ടിന്റെയും അകമ്പടിയോടെ ഒലവക്കോട് മുതൽ പാലക്കാട് സ്റ്റേഡിയം സ്റ്റാൻ‍ഡ് വരെ റോഡ് ഷോ നടത്തിയായിരുന്നു അനുമോദനം. ഇതിനിടെ പ്രവർത്തകരുടെ ആവേശം നിയന്ത്രിക്കാൻ നേതാക്കൾ ഏറെ ബുദ്ധിമുട്ടി. പാലക്കാട് എംഎൽഎയായിരിക്കെയാണ് ഷാഫി പറമ്പി‍ൽ വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചത്. ഒലവക്കോട് വന്നിറങ്ങിയ അദ്ദേഹത്തെ കിരീടം അണിയിച്ചാണു പ്രവർത്തകർ വരവേറ്റത്. കൂട്ടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോയും അദ്ദേഹത്തിനു നൽകി. തുടർന്ന് റോഡ് ഷോ ആയി നഗരം ചുറ്റിയാണ് സ്റ്റേഡിയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും പങ്കാളികളായി. 

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം.എം.ഹമീദ്, ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജി.എൽദോ, സി.കൃഷ്ണദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഒ.കെ.ഫാറൂഖ്, വിനോദ് ചെറാട്, ഷെഫീഖ് അത്തിക്കോട്, ജിനേഷ് നാരായണൻ, അരുൺകുമാർ പാലാക്കുറിശ്ശി, ജില്ലാ ഭാരവാഹികളായ ശ്യാം ദേവദാസ്, പി.ടി.അജ്മൽ, സതീഷ് തിരുവാലത്തൂർ, ഇ.കെ.ജസീൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാർ,  കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.സതീഷ്, പ്രശോഭ് വത്സൻ എന്നിവർ പ്രസംഗിച്ചു. പാലക്കാടിന്റെയും വടകരയുടെയും സ്നേഹത്തിന് ഷാഫി പറമ്പിൽ നന്ദി പറഞ്ഞു.

പാലക്കാട്ട് ജനം ആഗ്രഹിക്കുന്ന സ്ഥാനാർഥിയുണ്ടാകും: ഷാഫി പറമ്പിൽ; കാഫിർ പ്രയോഗത്തിന്റെ സ്രഷ്ടാക്കളെ കണ്ടെത്തുന്നതിൽ പൊലീസിന്റെതു കള്ളക്കളിയും മെല്ലെപ്പോക്കും
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ ഇതുവരെ ആരും ആരോടും ചർച്ച ചെയ്തിട്ടില്ലെന്നു നിയുക്ത എംപി ഷാഫി പറമ്പിൽ പറഞ്ഞു. ജനം ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന സ്ഥാനാർഥിയെ കോൺഗ്രസും മുന്നണിയും  അവതരിപ്പിക്കും. നടൻ രമേഷ് പിഷാരടി കോ‍ൺഗ്രസിന്റെ മുതൽക്കൂട്ടാണ്. അദ്ദേഹം ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ പിന്തുണയ്ക്കും. പലരുടെയും പേരുകൾ ഉയരുക സ്വാഭാവികമാണ്. ഉചിതസമയത്തു തീരുമാനമുണ്ടാകും. വടകരയിലേതു ജനങ്ങളുടെ രാഷ്ട്രീയ വിജയമാണ്. പ്രചാരണം നയിച്ചതും അവരാണ്.

കാഫിർ പ്രയോഗത്തിന്റെ സ്രഷ്ടാക്കളെ കണ്ടെത്തുന്നതിൽ പൊലീസിന്റെതു കള്ളക്കളിയും മെല്ലെപ്പോക്കുമാണ്. രാഷ്ട്രീയ താൽപര്യമാണ് ഇതിനു പിന്നിൽ. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനായി സിപിഎം ഈ പ്രയോഗം കൊണ്ടുനടന്നു. തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് വിജയത്തിന്റെ മാറ്റു കുറയ്ക്കാനും അവർ അത് ഉപയോഗിച്ചു. ജനങ്ങളുടെ ജീവനെടുക്കുന്ന ബോംബ് ഉൽപാദകർക്കെതിരെയും അത് പ്രയോഗിക്കുന്നവർക്കെതിരെയും പൊലീസ് കർശന നടപടിയെടുക്കണം. ഇക്കാര്യത്തിൽ പൊലീസ് നിഷ്ക്രിയമെന്നും അദ്ദേഹം ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com