ADVERTISEMENT

പാലക്കാട് ∙ തോക്കിന്റെ ലൈസൻസ് പുതുക്കി നൽകാത്തതിനാൽ ദേശീയ ഷൂട്ടിങ് താരങ്ങൾക്കു സംസ്ഥാന ചാംപ്യൻഷിപ് നഷ്ടമായ സംഭവത്തിൽ കലക്ടറോട് വിശദീകരണം തേടുമെന്നു കായികമന്ത്രി വി.അബ്ദുറഹ്മാൻ. മലയാള മനോരമ വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണു നടപടി. തോക്ക് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ വൈകിച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനും നിർദേശമുണ്ട്. ദേശീയ താരങ്ങളായ ടി. മുരളീധരൻ, എസ്. സബിൻ, ഡി. ശ്രീസേന, എസ്. അനിൽകുമാർ, കെ. ശ്രീലക്ഷ്മി, ഡി.അഭിരാമി എന്നിവർക്കാണ് ഈ മാസം 23 മുതൽ 28 വരെ പാലക്കാട്ട് നടക്കുന്ന മത്സരത്തിൽ അവസരം നഷ്ടമാവുക.

കലക്ടറേറ്റിലെ ഡി-2 സെക്‌ഷനിൽ നൽകിയ അപേക്ഷ 4  മാസം കഴിഞ്ഞിട്ടും പരിഗണിച്ചില്ലെന്നാണു പരാതി. ലൈസൻസ് അനുവദിക്കുന്ന കലക്ടറുടെയോ എഡിഎമ്മിന്റെയോ ഓഫിസിലേക്കു ബന്ധപ്പെട്ട സെക്‌ഷനിൽ നിന്ന് അപേക്ഷ പോയിട്ടില്ലെന്നാണു കായിക താരങ്ങൾക്കു ലഭിച്ച വിവരം. നടപടി ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിട്ടുണ്ട്. 16 വയസ്സിനു താഴെയുള്ള ഷൂട്ടിങ് താരങ്ങൾക്കു ലൈസൻസ് നൽകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാടിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തി. ഇതിനു തടസ്സമെന്തെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകി. ആയുധ നിയമത്തിലെ കർശന വ്യവസ്ഥകളിൽ ഇളവ് ആവശ്യമെങ്കിൽ കേന്ദ്ര സർക്കാരിനു കത്ത് അയയ്ക്കും. 

കർഷകരുടെ  തോക്ക് ലൈസൻസ്: സഭയിൽ  ഉന്നയിക്കുമെന്നു മന്ത്രി
കർഷകർക്കു തോക്ക് ലൈസൻസ് പുതുക്കി നൽകാത്ത സംഭവത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രനും ഇടപെട്ടു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും നിയമസഭയിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നതു പതിവായിട്ടും തോക്ക് ലൈസൻസ് പുതുക്കി നൽകാത്തതിനാൽ അവയെ വെടിവച്ചു കൊല്ലാനാകാത്ത കർഷകരുടെ പ്രശ്നം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതിയുള്ള 19 കർഷകരിൽ 13 പേർക്കും ലൈസൻസ് പുതുക്കി നൽകിയിട്ടില്ല.

കാട്ടുപന്നി ശല്യം രൂക്ഷമായ തദ്ദേശസ്ഥാപനങ്ങൾ ലൈസൻസുള്ള കർഷകരെയോ ഷൂട്ടർമാരെയോ തേടുകയാണ്. ജില്ലയിൽ 457 കർഷകരും 17 പരിശീലകരുമാണു ലൈസൻസിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകാൻ ആവശ്യത്തിനു ഷൂട്ടർമാരില്ലെന്ന പരാതിയുണ്ട്. ഇതു പരിഹരിക്കാൻ നടപടി സ്വീകരിക്കും. പൊലീസ് ക്യാംപുകളിൽ പരിശീലനം കൊടുത്തിരുന്നെങ്കിലും ഇപ്പോൾ നിർത്തി. ഇതു പുനരാരംഭിക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com