ADVERTISEMENT

ഷൊർണൂർ ∙ റോഡിൽ തളർന്നു കിടന്ന വഴിയാത്രക്കാരനു കുഞ്ഞുകരങ്ങളുടെ കരുതൽ. കുളപ്പുള്ളി - ഷൊർണൂർ റോഡിൽ വീണുകിടന്നയാൾക്കാണു ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ കുട്ടിക്കൂട്ടം രക്ഷകരായത്.എട്ടാം ക്ലാസ്സുകാരായ അനന്തുകൃഷ്ണ, ഹരിദേവ്, അശ്വിൻചന്ദ്ര, ഗോകുൽകൃഷ്ണ, അനശ്വർ, വിധു കൃഷ്ണ, ശ്രേയസ്, ശ്യാം ശേഖർ, മുഹമ്മദ് റസാൻ എന്നിവർ ഇന്നലെ ഉച്ചയ്ക്കു സ്കൂൾ വിട്ടു പുറത്തിറങ്ങിയപ്പോഴാണ് 65 തോന്നിക്കുന്നയാളെ  തിരക്കേറിയ റോഡിൽ തളർന്നുകിടക്കുന്ന നിലയിൽ കണ്ടത്. 9 പേരും ചേർന്ന് ഇയാളെ പാതയോരത്തേക്കു മാറ്റിക്കിടത്തി. കൂട്ടത്തിൽ ഒരാൾ തോളിൽ നിന്ന് അഴിച്ചു നൽകിയ ബാഗ്, തളർന്നു കിടന്നയാൾക്കു തലയിണയായി.

വെള്ളം നൽകിയതോടെ ബോധം തിരിച്ചുകിട്ടി. ഇതിനിടെ കൂട്ടത്തിലെ ചിലർ സ്കൂളിലേക്കു തിരിച്ചോടി അധ്യാപകരെ കൂട്ടിക്കൊണ്ടുവന്നു. സ്ഥലത്തെത്തിയ അധ്യാപകർ ഇയാളെ തൊട്ടടുത്ത കടയിലേക്കു കൊണ്ടുപോയി വയറു നിറയെ ഭക്ഷണം വാങ്ങി കൊടുത്തതോടെ ക്ഷീണം മാറി ഉൻമേഷം തിരിച്ചുകിട്ടി. തിരുവില്വാമല പാമ്പാടി സ്വദേശിയാണെന്നാണു അദ്ദേഹം സ്വയം പരിചയപ്പെടുത്തിയതെന്ന് അധ്യാപകർ പറയുന്നു. ഇതിനിടെ ഒരു രക്ഷിതാവും ഏതാനും നാട്ടുകാരും സ്ഥലത്തെത്തി. രക്ഷിതാവും അധ്യാപകരിൽ ഒരാളും ചേർന്ന് ഇയാളെ വാഹനത്തിൽ കുളപ്പുള്ളി ടൗണിലെത്തിച്ചു യാത്രാച്ചെലവിനു പണംകൂടി നൽകിയാണു വീട്ടിലേക്കു യാത്രയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com