പള്ളിപ്പുറം സ്റ്റേഷനിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ്: കാത്തിരിപ്പിന് വിരാമമാകുമോ?
Mail This Article
തൃത്താല ∙ പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ് വേണമെന്ന ആവശ്യം ശക്തമാകുന്നു. 2 ലക്ഷത്തിലധികം ജനസംഖ്യയുള്ള തൃത്താല നിയോജക മണ്ഡലത്തിലെ ഏക റെയിൽവേ സ്റ്റേഷൻ ആണ് പള്ളിപ്പുറം. പക്ഷേ ഇവിടെ നിർത്തുന്ന ട്രെയിനുകൾ വിരലിലെണ്ണാവുന്നവ മാത്രം. തൊഴിലാളികളും വ്യാപാരികളും വിദ്യാർഥികളും അടക്കം ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. പരുതൂരിനു സമീപമുള്ള തൃത്താല, തിരുവേഗപ്പുറ, പട്ടിത്തറ, ആനക്കര, നാഗലശ്ശേരി, ചാലിശ്ശേരി പഞ്ചായത്തിലുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനമുള്ള സ്റ്റേഷനാണിത്. തൃത്താല മേഖലയിലെ ആയുർവേദ കേന്ദ്രങ്ങളിൽ എത്താൻ ഏറ്റവും അടുത്ത സ്റ്റേഷൻ പള്ളിപ്പുറമാണ്.
വിനോദ സഞ്ചാര മേഖലയായ വെള്ളിയാങ്കല്ല് പൈതൃക പാർക്കും സ്റ്റേഷന് അടുത്താണ്. എന്നിട്ടും തീവണ്ടികൾക്ക് സ്റ്റോപ് അനുവദിക്കാതെ പള്ളിപ്പുറം റെയിൽവേ സ്റ്റേഷനെ അവഗണിക്കുകയാണ്. ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ഇവിടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചു കിട്ടൂ എന്നാണ് നാട്ടുകാരുടെ വാദം. ഷൊർണൂർ–കണ്ണൂർ റൂട്ടിൽ പുതുതായി സർവീസ് തുടങ്ങിയ സ്പെഷൽ ട്രെയിനിന് പള്ളിപ്പുറത്ത് സ്റ്റോപ് അനുവദിക്കണമെന്ന് പള്ളിപ്പുറം ജനജാഗ്രതാ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രി എം.ബി.രാജേഷിനും എം.പി.അബ്ദുസ്സമദ് സമദാനി എംപിക്കും റെയിൽവേ അധികൃതർക്കും സമിതി നിവേദനം നൽകിയിട്ടുണ്ട്.