ADVERTISEMENT

പാലക്കാട്∙ സ്കൂൾ തുറന്ന് രണ്ടാം മാസമായിട്ടും യൂണിഫോമിനു ഫണ്ട് കിട്ടാത്തതിൽ വലഞ്ഞ് സ്കൂൾ അധികൃതർ. ഒന്നു മുതൽ എട്ടു വരെ ക്ലാസിലുള്ളവർക്കാണ്  സർക്കാർ സൗജന്യ യൂണിഫോം തുക നൽകി വന്നിരുന്നത്. ഒരു കുട്ടിക്ക് രണ്ടു ജോടി യൂണിഫോമിനായി 400 രൂപ തുണിക്കും 200 രൂപ തുന്നൽ കൂലിയുമായി 600 രൂപയാണ് അനുവദിക്കുന്നത്. ഇത് കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് കുട്ടികളുടെ അക്കൗണ്ട് വിവരങ്ങൾ സ്കൂൾ അധികൃതർ ശേഖരിച്ച് കൈമാറിയിരുന്നു. 

കുട്ടികൾക്ക് അക്കൗണ്ട് ഇല്ലാതിരുന്നതും പദ്ധതിക്ക് തടസ്സമായി. നിലവിൽ സർക്കാർ സ്കൂളുകളിൽ യൂണിഫോമിനു കൈത്തറി തുണി നൽകുകയാണ് ചെയ്തത്. എയിഡഡ് മേഖലയിൽ എൽപി വിഭാഗത്തിന് മാത്രമാണ് യൂണിഫോം തുക അനുവദിച്ചത്. ‍യുപി വിഭാഗം കുട്ടികൾക്ക് തുക ലഭ്യമായിട്ടില്ല.  ഇതോടെ പുതിയ അധ്യയന വർഷത്തിൽ ഇവർക്ക് പുതിയ യൂണിഫോം ധരിച്ചെത്താൻ സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ വർഷവും സമാനമായ സ്ഥിതിയായിരുന്നു.

ഭാരിച്ച തുക വരുന്നതിനാൽ സ്കൂൾ അധികൃതർ തുക കണ്ടെത്തി യൂണിഫോം വിതരണം ചെയ്യുന്നുമില്ല. എൽപി വിഭാഗക്കാർക്ക് വിതരണം ചെയ്യുകയും യുപി വിഭാഗത്തിലുള്ളവർ പഴയ യൂണിഫോമിൽ തുടരാൻ ആവശ്യപ്പെടുകയുമാണ് സ്കൂൾ അധികൃതർ. ഫണ്ട് ലഭിക്കുമെന്നു കരുതി  യൂണിഫോം വാങ്ങി നൽകിയ പിടിഎ, സ്കൂൾ അധികൃതർ എന്നിവരും അങ്കലാപ്പിലാണ്. നേരത്തെ എസ്എസ്കെ മുഖേന നൽകിയിരുന്ന ഫണ്ട് വിദ്യാഭ്യാസ വകുപ്പ് മുഖേന ആക്കിയതു മുതലാണ് വിതരണം താറുമാറായത്.  അധ്യയന വർഷത്തിന്റെ പകുതിയിൽ തുക ലഭിച്ചാൽ ആർക്കും കൃത്യമായി  ഉപകാരപ്പെടുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com