ADVERTISEMENT

പാലക്കാട് ∙ മഴക്കെടുതി നേരിടാനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾക്കു തടസ്സം പണമില്ലാത്തതാണെന്നു വിവിധ സർക്കാർ വകുപ്പ് മേധാവികൾ. മഴക്കെടുതി നേരിടുന്നതിന്റെ ഭാഗമായി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി.

വഴിയരികിലും പൊതു ഇടങ്ങളിലും അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളും അവയുടെ കൊമ്പുകളും മുറിക്കാൻ പോലും പണമില്ല. ഒരു വലിയ മരം മുറിച്ചു നീക്കാൻ കുറഞ്ഞതു 25,000 രൂപ വരെ ചെലവുണ്ടെന്നു തദ്ദേശ, റവന്യു, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. മരം ലേലം ചെയ്താൽ 5,000 രൂപയിൽ താഴെയാണു ലഭിക്കുക. ചില മരങ്ങൾ ഉപയോഗിക്കാൻ പറ്റാത്തവ ആയതിനാൽ ലേലം ചെയ്യാനുമാകില്ല. റോഡിലെ കുഴി നികത്താൻ പോലും പണമില്ലെന്നു മരാമത്തു വകുപ്പും വീടുകൾക്കു നാശം സംഭവിച്ചവർക്ക് അടിയന്തര സഹായം നൽകാൻ പണമില്ലെന്നു റവന്യു വകുപ്പും പറയുന്നു. ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ നിന്നാണു കുറച്ചെങ്കിലും പ്രവൃത്തികൾക്കു പണം കണ്ടെത്തുന്നത്. 

കണക്ക് എവിടെ ?
ബലക്ഷയമുള്ള വീടുകളുടെ കണക്ക് എവിടെയെന്ന മന്ത്രിയുടെയും എംഎൽഎമാരുടെയും ചോദ്യത്തിനു തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർക്കു മറുപടിയുണ്ടായില്ല. പഞ്ചായത്ത് അംഗങ്ങളോടു കണക്ക് എടുത്തു നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും തന്നില്ലെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ മറുപടി. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണിതെന്നും ഉടൻ നടപടി വേണമെന്നും മന്ത്രി നിർദേശം നൽകി. കണക്കു മാത്രം പോര, അവരെ മാറ്റി പാർപ്പിക്കാനും നടപടിയെടുക്കണമെന്നു നിർദേശിച്ചു. അടച്ചുറപ്പില്ലാത്തവ, മേൽക്കൂര ശക്തമല്ലാത്തവ, ബലക്ഷയമുള്ളവ തുടങ്ങി വീടുകളുടെ കണക്കാണ് എടുക്കേണ്ടത്. 

വല്ലതും നടക്കുമോ ? 
കനാലുകളുടെ നവീകരണം, റോഡിലെ കുഴിയടയ്ക്കൽ, പുഴകൾക്കു സമീപത്തുള്ളവരെ മാറ്റി പാർപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ നടപടിയുണ്ടാകുമോ എന്ന ചോദ്യവും എംഎൽഎമാർ ഉയർത്തി. ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചു വേഗത്തിൽ പ്രവൃത്തികൾ ചെയ്തു കൂടെ എന്നും ചോദ്യമുയർന്നു. ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ ഫണ്ട് അനുവദിച്ചിട്ടും പല വകുപ്പുകളും വേണ്ട പ്രവൃത്തികൾ ചെയ്തില്ലെന്നു പരാതിയുണ്ട്. സ്വകാര്യ ഭൂമിയിൽ അപകട ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു നീക്കാൻ ഉടമയ്ക്കു നോട്ടിസ് നൽകുക മാത്രമാണു തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ചെയ്യുന്നത്. സ്ഥല ഉടമകൾ ഈ നോട്ടിസ് അവഗണിക്കുകയാണ്. തുടർനടപടികളെന്തെന്ന് ഉദ്യോഗസ്ഥർക്കു പോലും അറിയില്ലെന്നും ആക്ഷേപം ഉയർന്നു. 

ലൈഫ് മിഷൻ വീട്,രാഷ്ട്രീയം നോക്കണ്ട
ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതു രാഷ്ട്രീയം നോക്കിയല്ല, അർഹത നോക്കിയാകണമെന്നു മന്ത്രി. ജില്ലയിലെ എല്ലാ പഞ്ചായത്ത് അധ്യക്ഷർക്കും ഇതു സംബന്ധിച്ചു മുന്നറിയിപ്പു നൽകും. ബലക്ഷയമുള്ള വീടുകൾ കണ്ടെത്തി അവർക്കു മുൻഗണന നൽകേണ്ടതു പഞ്ചായത്ത് അധ്യക്ഷരുടെയും ഉദ്യോഗസ്ഥരുടെയും ചുമതലയാണ്. ഇതു കൃത്യമായി നടക്കാത്തതു മൂലമാണു വീട് ഇടിഞ്ഞു വീണ് ആളുകൾ മരിക്കുന്നതു പോലുള്ള അത്യാഹിതം സംഭവിക്കുന്നതെന്നും മന്ത്രി ഓർമപ്പെടുത്തി. 

റോഡോ അതോ തോടോ ? 
ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും റോഡുകൾ പൊളിഞ്ഞു കിടക്കുകയാണെന്ന് എംഎൽഎമാർ പറഞ്ഞു. ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ലെന്നാണു പരാതി. എംഎൽഎമാർ ഫോൺ വിളിച്ചറിയിച്ചാൽ നോക്കാം എന്ന മറുപടി മാത്രമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നെന്നും കുറ്റപ്പെടുത്തി. പൈപ്പ് ലൈൻ ഇടാനായി എടുത്ത കുഴികളും മൂടിയിട്ടില്ല. ഇതിനൊക്കെ പണം വേണ്ടേ സർ....എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറു ചോദ്യം. വെറുതെ കിട്ടുന്ന ക്വാറി മാലിന്യമെങ്കിലും ഇട്ടു കുഴി നികത്തിക്കൂടെ എന്ന ചോദ്യത്തിന് അതിനു തദ്ദേശ വകുപ്പിന്റെ ഉത്തരവ് വേണമെന്നായിരുന്നു മറുപടി. ഉത്തരവ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമെന്നു മന്ത്രി അറിയിച്ചു. ഈ മഴക്കാലത്തെങ്കിലും റോഡ് നന്നാക്കുന്നതു സംബന്ധിച്ചു മരാമത്ത്, ജല അതോറിറ്റി, തദ്ദേശ സ്ഥാപന വകുപ്പുകൾ തമ്മിൽ പരസ്പരം പഴിചാരാതെ നടപടിയെടുക്കണമെന്നും നിർദേശിച്ചു. 

പുഴകളും തോടുകളും കവിയാൻ കാരണമെന്ത് ? 
മഴ കാര്യമായി പെയ്യാത്തപ്പോഴും മുൻപില്ലാത്ത വിധം പുഴകളും തോടുകളും കവിയാൻ കാരണമെന്ത് എന്ന ചോദ്യവും ഉയർന്നു. പുഴകളിലെയും തോടുകളിലെയും ചെളിയും മാലിന്യവും പാഴ്ച്ചെടികളും നീക്കിയാൽ പകുതി പ്രശ്നത്തിനു പരിഹാരമാകുമെന്ന് എംഎൽഎമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കി നൽകാനും നിർദേശിച്ചു.

മരം മുറി, അനുമതി ലഭിക്കാൻ പ്രയാസം
അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ ദേശീയപാത അതോറിറ്റി, മരാമത്ത്, റവന്യു, വനം വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കാൻ കാലതാമസം എടുക്കുന്നതായി പരാതി. നെന്മാറയിൽ വഴിയരികിൽ വീഴാറായ മരം മുറിച്ചതിനു നാട്ടുകാർക്കു മരാമത്ത് വകുപ്പ് നോട്ടിസ് നൽകിയെന്നും മനുഷ്യ ജീവനു വില കൽപിക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നും കെ.ബാബു എംഎൽഎ പറഞ്ഞു. നെന്മാറയിൽ വൈദ്യുതി ലൈനിനു മുകളിൽ നിന്ന മരം മുറിച്ചു നീക്കിയതിനു കെഎസ്ഇബിയ്ക്കു മരാമത്ത് വകുപ്പ് നോട്ടിസ് നൽകിയതു വിവാദമായിരുന്നു.

അടുത്ത യോഗത്തിൽ തീരുമാനം,
നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു തുടർനടപടികൾ സ്വീകരിക്കാമെന്ന തീരുമാനത്തിൽ യോഗം അവസാനിച്ചു. എംഎൽഎമാരായ എ.പ്രഭാകരൻ, കെ.ഡി.പ്രസേനൻ, പി.മമ്മിക്കുട്ടി, കെ.പ്രേംകുമാർ, പി.പി.സുമോദ്, കെ.ബാബു, കെ.ശാന്തകുമാരി, കലക്ടർ ഡോ.എസ്.ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, അസിസ്റ്റന്റ് കലക്ടർ ഡോ.എസ്.മോഹന പ്രിയ, എഡിഎം സി.ബിജു എന്നിവരും വിവിധ വകുപ്പു മേധാവികളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com