അറേബ്യൻ രാജ്യങ്ങളിൽ ചൂടു വർധിച്ചു; നാമക്കലിൽ നിന്നു മുട്ട കയറ്റുമതി കുറഞ്ഞു
Mail This Article
ഈറോഡ് ∙ അറേബ്യൻ രാജ്യങ്ങളിൽ ചൂടു വർധിച്ചതോടെ തമിഴ്നാട്ടിലെ മുട്ട കയറ്റുമതി ജില്ലയായ നാമക്കലിൽ നിന്നു കയറ്റുമതി കുറഞ്ഞു. നാമക്കൽ ജില്ലയിലെ 1000 മുട്ട ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് ദിനവും 4 കോടി മുട്ടകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ 70 ലക്ഷം മുട്ടകൾ വിദേശരാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. സൗദി അറേബ്യ, ഇറാൻ, ഇറാഖ്, ഒമാൻ, ബഹ്റൈൻ, മാസ്കറ്റ്, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്.
എന്നാൽ അറേബ്യൻ രാജ്യങ്ങളിൽ ചൂട് വർധിച്ചു. കൂടാതെ വേനൽക്കാലം ആരംഭിച്ചതോടെ വിദേശികൾ പലരും സ്വദേശങ്ങളിലേക്ക് തിരിച്ചതും നാമക്കൽ മുട്ട വ്യവസായത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ചില അറേബ്യൻ രാജ്യങ്ങളിൽ ഇറച്ചിക്കോഴിയും കോഴിമുട്ടയും സ്വന്തമായി ഉൽപാദിച്ചു തുടങ്ങിയതും നാമക്കൽ വിപണിയെ പ്രതിസന്ധിയിലാക്കി. മുട്ടയുടെ വിലയും വർധിച്ചു. നാമക്കൽ ജില്ലയിലെ സമീപ ജില്ലയായ ഈറോഡിൽ ചില്ലറ വിൽപന കടകളിൽ ഒരു മുട്ട 6 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.