ഫോട്ടോ എടുക്കലും സെൽഫിയെടുക്കലും തിക്കും തിരക്കും; 'ആസ്വദിക്കാം; ശ്രദ്ധിച്ചില്ലെങ്കിൽ അപകടവും'
Mail This Article
കാഞ്ഞിരപ്പുഴ ∙ അണക്കെട്ടിൽ നിന്നു കുത്തിയൊഴുകിയെത്തുന്ന വെള്ളം ഷട്ടറുകൾക്കിടയിലൂടെ ശക്തിയോടെ വെള്ളം പുറത്തേക്കൊഴുകുന്ന നേരിട്ടുള്ള അനുഭവം; ആസ്വദിക്കാനെത്തുന്നവരുടെ ശ്രദ്ധയൊന്നു തെറ്റിയാൽ വീഴുന്നതു വൻ അപകടത്തിലേക്കും. ഡാമിനു താഴെ പാലത്തോടു ചേർന്നു കിടക്കുന്ന ഭാഗമാണ് അപകട സാധ്യത മേഖലയാകുന്നത്. അണക്കെട്ടു തുറന്നതോടെ ഒട്ടേറെ പേരാണു നിത്യവും ഇവിടെ വന്നു ഭംഗി ആസ്വദിക്കുന്നത്. കൈകുഞ്ഞുങ്ങളുമായെത്തുന്നവരും ഏറെ. ഫോട്ടോ എടുക്കലും സെൽഫിയെടുക്കലും തിക്കും തിരക്കും. സുരക്ഷാ സംവിധാനവുമില്ല. കാലൊന്നു തെറ്റിയാൽ ചെക് ഡാമിലോ പുഴയിലോ വീഴും.
ഉദ്യാനം സന്ദർശിക്കാതെ തന്നെ ഈ സൗന്ദര്യം ആസ്വദിക്കാം എന്നതിനാൽ ഏതു സമയത്തും തിരക്കാണിവിടെ. ജനങ്ങൾ തങ്ങുന്ന ഭാഗത്തു സുരക്ഷയ്ക്കായി ചെറിയ കോൺക്രീറ്റ് കുറ്റികൾ മാത്രമാണുള്ളത്. ഇതു തന്നെ പൂർണമല്ല. കോൺക്രീറ്റ് കുറ്റികളെ ബന്ധിപ്പിച്ചു കമ്പികളോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ല. ആർക്കും എപ്പോഴും അപകടം സംഭവിക്കാം. കോൺക്രീറ്റ് കുറ്റികൾക്കു പകരം ഒരു മീറ്റർ ഉയരത്തിലെങ്കിലും സംരക്ഷണ ഭിത്തി ഒരുക്കിയാൽ അപകട ഭീതി ഇല്ലാതാക്കാം. സംരക്ഷണം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.