എഐവൈഎഫ് നേതാവിന്റെ മരണം: വീട്ടിൽ ഫൊറൻസിക് പരിശോധ; വിരലടയാളങ്ങൾ ശേഖരിച്ചു
Mail This Article
മണ്ണാർക്കാട് ∙ എഐവൈഎഫ് നേതാവ് ഷാഹിന മണ്ണാർക്കാടിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധൻ എന്നിവരുൾപ്പെട്ട സംഘമാണു പരിശോധന നടത്തിയത്. വീടിന്റെ വാതിലുകൾ, മരിച്ച നിലയിൽ കണ്ടെത്തിയ മുറി, പരിസരം എന്നിവ പരിശോധിച്ചു. വിരലടയാളങ്ങൾ ശേഖരിച്ചു. ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തിയും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
ജോലിചെയ്തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മരണത്തിൽ ദുരൂഹത ആരോപിച്ചു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ തെളിവുകളും സാധ്യതകളും പരിശോധിക്കുന്നതു സ്വാഭാവിക നടപടിയാണെന്നും പൊലീസ് പറഞ്ഞു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായിരുന്ന ഷാഹിനയെ തിങ്കളാഴ്ച രാവിലെയാണു വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.