ഊട്ടിയിൽ അതിശൈത്യം; മഴയിലും കാറ്റിലുമായി 101 വീടുകൾ ഭാഗികമായി തകർന്നു
Mail This Article
ഊട്ടി∙ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയും ശക്തമായി വീശുന്ന കാറ്റും ഊട്ടിയെ അതിശെത്യത്തിന്റെ പിടിയിലമർത്തി. ഇന്നലെ മഴയ്ക്കും കാറ്റിനും ശക്തി കുറഞ്ഞെങ്കിലും അതിശൈത്യം നിലനിൽക്കുകയാണ്. കനത്ത മഴയും കാറ്റും കാരണം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ അവധിയായിരുന്ന സ്കൂളുകൾ ഇന്നലെയാണ് വീണ്ടും തുറന്നത്. മഴയിലും കാറ്റിലുമായി നീലഗിരി ജില്ലയിൽ 101 വീടുകൾ ഭാഗികമായി തകർന്നു.
കനത്ത കാറ്റിൽ മരങ്ങൾ വീണാണ് ഇവയ്ക്കു കേടുപാട് സംഭവിച്ചതെന്നു ടൂറിസം മന്ത്രി കെ.രാമചന്ദ്രൻ അറിയിച്ചു. ഇവർക്കു നഷ്ടപരിഹാരമായി 8000 രൂപ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു. കനത്ത കാറ്റിൽ മരങ്ങൾ വീണുണ്ടായ വൈദ്യുതി വകുപ്പിന്റെ നഷ്ടത്തെപ്പറ്റിയുള്ള കണക്കെടുപ്പ് തുടരുന്നു. ഒട്ടേറെ ട്രാൻസ്ഫോർമറുകളും പോസ്റ്റുകളും കാറ്റിൽ നിലംപൊത്തിയിരുന്നു. അപകടനിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികളും തുടങ്ങി.