ADVERTISEMENT

പാലക്കാട് ∙ അടച്ചുകെട്ടിയ കണ്ടെയ്നർ ലോറികൾക്കുള്ളിൽ കന്നുകാലികളെ കുത്തിനിറച്ചു ക്രൂരമായ കള്ളക്കടത്ത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കുത്തിനിറച്ചു കൊണ്ടുവരുന്ന കന്നുകാലികൾക്കു കണ്ടെയ്നറിനുള്ളിൽ ശ്വാസം പോലും കിട്ടില്ല. ചിലതു ചത്തുവീഴും. പിടികൂടിയാൽ തന്നെ ചുരുങ്ങിയ ശിക്ഷയാണെന്നതാണു കള്ളക്കടത്തുകാർക്കു പ്രോത്സാഹനം. 

കഴിഞ്ഞദിവസം ദേശീയപാതയിൽ കണ്ടെയ്നർ ലോറി തടഞ്ഞ് 77 കന്നുകാലികളെ ഒരു സംഘം കടത്തിയത് ഇത്തരത്തിലുള്ളതാണ്. ഊടുവഴികളിൽക്കൂടി മാത്രമല്ല, ദേശീയപാതയിൽ കൂടി തന്നെ കന്നുകാലികളുമായി കണ്ടെയ്നറുകൾ കേരളത്തിലേക്കെത്തുന്നു. കാലികളെ വാഹനത്തിൽ കൊണ്ടുവരുന്നതിനു കൃത്യമായ മാനദണ്ഡമുണ്ട്. തുറന്ന വാഹനത്തിൽ വേണം കൊണ്ടുവരാൻ. കയറ്റാവുന്ന മൃഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടുത്തെ മോട്ടർ വാഹനവകുപ്പിന്റെ അനുമതി വേണം. മൃഗങ്ങളുടെ ആരോഗ്യം ഉൾപ്പെടെയുള്ള കാര്യത്തിൽ കൃത്യമായ പരിശോധനയും ഉണ്ടാകും.

നിബന്ധനകളിൽ നിന്നു രക്ഷനേടാനാണു വലിയ കണ്ടെയ്നർ ലോറികൾ തിരഞ്ഞെടുക്കുന്നത്. അകത്തു കാലികളാണെന്ന് അറിയില്ല. എത്ര യെണ്ണത്തിനെ വേണമെങ്കിലും കുത്തിനിറയ്ക്കാം. മോട്ടർ വാഹന ചെക്പോസ്റ്റുകളിൽ പിടികൂടിയാലും രക്ഷപ്പെടാനുള്ള വഴികൾ കള്ളക്കടത്തുകാർക്ക് അറിയാം. കാലികളെ കടത്തുന്നത് തടയൽ തങ്ങളുടെ മേഖലയല്ലെന്നു പറഞ്ഞ് പിഴയിൽ ഒതുക്കി യാത്ര തുടരാൻ ചെക്പോസ്റ്റിലുള്ളവർക്ക് അനുവദിക്കാം. 

ജില്ലയിലെ അതിർത്തികളിൽ മൃഗസംരക്ഷണവകുപ്പിന് 9 ചെക്പോസ്റ്റുകൾ ഉണ്ടെങ്കിലും കണ്ടെയ്നർ ലോറികൾ തടഞ്ഞുനിർത്തി പരിശോധിക്കാനുള്ള ആൾബലമില്ല. ഒരുപാട് കണ്ടെയ്നർ ലോറികൾ കടന്നുപോകുന്ന പാതയിൽ ഏതെങ്കിലും ഒരു വാഹനം തടഞ്ഞുനിർത്താൻ കഴിയില്ല. കണ്ടെയ്നറുകളിൽ കാലിക്കടത്ത് പിടികൂടിയാൽ പൊലീസിനെ അറിയിക്കുകയാണു മൃഗസംരക്ഷവകുപ്പ് ചെയ്യുക. 

വാഹനത്തിനു പിഴ ശിക്ഷയായി 7500 രൂപയും ഒരു കാലിയെ കേരളത്തിലേക്കു കടത്തി വിടാനുള്ള ഫീസ് 75 രൂപ വീതവും ഈടാക്കും. മേലിൽ ആവർത്തിക്കരുതെന്ന താക്കീതു നൽകി കേരളത്തിലേക്കു തന്നെ വിടും. വാഹനത്തെയും കാലികളെയും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയാലും പിഴശിക്ഷയിൽ ഒതുങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com