ADVERTISEMENT

ഒറ്റപ്പാലം∙ താലൂക്ക് ആസ്ഥാനത്തു കഴിഞ്ഞ ദിവസം പെയ്തിറങ്ങിയതു പ്രളയകാലത്തെക്കാൾ കനത്ത മഴയെന്നു കണക്കുകൾ. 215 മില്ലീമീറ്റർ മഴയാണു തിങ്കൾ രാവിലെ 8 മുതൽ ചൊവ്വ രാവിലെ 8 വരെയുള്ള 24 മണിക്കൂറിൽ ഒറ്റപ്പാലത്തു പെയ്തത്.ചുരുങ്ങിയ സമയത്തിനിടെ പെയ്ത അതിതീവ്ര മഴയാണു നഗരത്തോടു ചേർന്ന ജനവാസമേഖലകളിൽ പ്രളയ സമാനമായ സാഹചര്യം സൃഷ്ടിച്ചതെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. പുഴയും കൈവഴികളും കരകവിഞ്ഞതിനു കാരണവും പേമാരി.

ഡാമുകൾ തുറക്കലും പെരുമഴയും ഒപ്പം വരാറുള്ള ഘട്ടങ്ങളിലാണു സമാനരീതിയിൽ പുഴ കരകവിയാറുള്ളത്.2018ലെയും 19ലെയും പ്രളയകാലങ്ങളിൽ പോലും ഒറ്റപ്പാലത്തു പ്രതിദിന മഴലഭ്യത 200 മില്ലീമീറ്റർ കടന്നിട്ടില്ലെന്നിരിക്കെ കഴിഞ്ഞ ദിവസത്തേതു സമീപകാലത്തെ റെക്കോർഡ് മഴയാണെന്നാണു വിലയിരുത്തൽ. 2019ൽ പെയ്ത 190 മില്ലീമീറ്റർ മഴയാണു സമീപകാലത്തെ ഉയർന്ന പ്രതിദിന കണക്ക്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ മഴ കുത്തനെ കുറഞ്ഞു. ചൊവ്വ രാവിലെ 8 മുതൽ ബുധൻ രാവിലെ 8 വരെ പെയ്തതു 23.5 മില്ലിമീറ്റർ മഴ മാത്രം.

10 വീടുകൾക്ക് നാശനഷ്ടം
ഒറ്റപ്പാലം∙ താലൂക്കിൽ കഴിഞ്ഞ 2 ദിവസത്തെ മഴയ്ക്കിടെ 10 വീടുകൾക്കു നാശനഷ്ടം. ഒരു വീട് പൂർണമായും 9 വീടുകൾ ഭാഗികമായും തകർന്നെന്നാണ് ഔദ്യോഗിക കണക്ക്.തൃക്കടീരിയിലാണു പൂർണമായി തകർന്ന വീട്. കുറ്റിക്കോട് പനങ്കുറുശി രാധാകൃഷ്ണന്റെ വീടാണു താമസയോഗ്യമല്ലാത്ത വിധം തകർന്നത്. വീടിന്റെ ചുമരുകളും മേൽക്കൂരയും തകർന്നു വീഴുകയായിരുന്നു. തൃക്കടീരിയിൽ മറ്റു 2 വീടുകൾ ഭാഗികമായും തകർന്നു. ലക്കിടിയിൽ 3 വീടുകൾക്കു ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഷൊർണൂർ, അമ്പലപ്പാറ, ശ്രീകൃഷ്ണപുരം, വാണിയംകുളം എന്നിവിടങ്ങളിൽ ഓരോ വീടുകളും തകർന്നതായാണു റവന്യു വകുപ്പിന്റെ കണക്ക്. മരങ്ങൾ വീണാണു നാശനഷ്ടം.

ആനക്കല്ലിൽ റോഡ് ഒലിച്ചുപോയി
അമ്പലപ്പാറ∙ പേമാരിക്കിടെ വേങ്ങശ്ശേരി ആനക്കല്ലിൽ റോഡ് ഒലിച്ചുപോയി. ആനക്കല്ല് തോട് കരകവിഞ്ഞാണു റോഡ് ആഴത്തിൽ തകർന്ന് ഒഴുകിപ്പോയത്.തോട്ടിലെ തടയണയോടു ചേർന്നാണു റോഡിൽ അപകടകരമായ തകർച്ച. അമ്പലപ്പാറ പഞ്ചായത്തിലെ കള്ളിക്കുന്നിനെയും മണ്ണൂർ പഞ്ചായത്തിലെ കൊട്ടക്കുന്നിനെയും ബന്ധിപ്പിക്കുന്ന പാതയിലാണു ഗതാഗതം പൂർണമായി മുടങ്ങിയ സാഹചര്യം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ആനക്കല്ല് തോട് കരകവിഞ്ഞു കുത്തിയൊഴുകിയാണു റോഡിൽ കിടങ്ങിനു സമാനമായി ഗർത്തം രൂപപ്പെട്ടത്. റോഡ് തടയണയുമായി ചേരുന്ന ഭാഗം വേർപെട്ട നിലയിലാണ്. വാഹനങ്ങൾ തടയണയ്ക്കു മുകളിലൂടെ തോട് കുറുകെ കടക്കുന്ന നിലയിലാണ് ഇവിടെ ഗതാഗതം. തടയണയോടു ചേർന്നു റോഡ് പടുത്തുയർത്തിയിരുന്ന ഭാഗത്തെ കരിങ്കല്ലുകൾ ഉൾപ്പെടെ ഒഴുകിപ്പോയി. മൂന്നടിയിലേറെ താഴ്ചയിലാണു കല്ലും മണ്ണും ഒലിച്ചുപോയത്.   

കരകയറിയ പുഴ പിൻവാങ്ങി
വാണിയംകുളം∙ മാന്നനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു ഭാരതപ്പുഴ അര കിലോമീറ്ററോളം കരകയറി ഒഴുകിയതു സംബന്ധിച്ച ആശങ്ക തൽക്കാലം അകന്നു. മഴയുടെ ശക്തി കുറഞ്ഞതോടെയാണു പുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനു താഴെ നിന്നു വലിഞ്ഞത്. കഴിഞ്ഞ ദിവസമാണു പുഴ കര കവിഞ്ഞൊഴുകി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനരികെയെത്തിയത്. ഇവിടെ വീണ്ട‌ും ജലനിരപ്പ് ഉയർന്നാൽ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വെള്ളം കയറുമെന്നായിരുന്നു ആശങ്ക. മാന്നനൂർ തീരത്ത് ഉരുക്കുതടയണയോടു ചേർന്നു നിർമാണത്തിലിരിക്കെ പാർശ്വഭിത്തികൾ തകർന്ന ഭാഗത്തുകൂടിയാണ് ഒഴുക്കു വയൽപ്രദേശത്തേക്കു കയറി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിനു താഴെയെത്തിയത്. അതേസമയം, നിർമാണത്തിലിരുന്ന 4 പാർശ്വഭിത്തികൾ നിലംപൊത്തിയ ഭാഗത്ത് അഞ്ചാമത്തെ ഭിത്തിയും തകരുമെന്ന ആശങ്ക നിലനിൽക്കുകയാണ്.തീരങ്ങളിലെ കൃഷിയിടങ്ങളിൽ വലിയ മണ്ണിടിച്ചിൽ  ഭീഷണിയുമുണ്ട്.

English Summary:

Record-Breaking Rainfall in Ottapalam Causes Severe Flooding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com