ADVERTISEMENT

മംഗലംഡാം ∙ വീഴ്ലി പുഴയിൽ അശാസ്ത്രീയമായി നിർമിച്ച തടയണകളാണു വീട്ടിക്കൽ കടവ്-പൂതംകോട് ഭാഗത്തെ വെള്ളപ്പൊക്കത്തിനു കാരണമെന്നു നാട്ടുകാർ. തടയണകൾ നിർമിക്കുന്നതിനു മുൻപു വെള്ളം കയറുന്ന സംഭവം ഉണ്ടായിട്ടില്ലെന്നു പ്രദേശവാസിയായ സി.എ. കബീർ പറഞ്ഞു.താഴത്തെ കരിങ്കൽ ക്വാറിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന മിശ്രിതവും വീഴ്ലി പാലത്തിൽ അടിയുന്ന ചണ്ടിയും ഒഴുക്കിനു തടസ്സമാകുന്നതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീഴ്ലി പുഴ കരകവിഞ്ഞൊഴുകി വീട്ടിക്കൽകടവ്- പൂതംകോട് ഭാഗത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. പുല്ലാട്ട് തോമസ് ചാക്കോയുടെ വീട് ഇടിഞ്ഞു.

6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നൂറുകണക്കിനു നേന്ത്രവാഴകളും കവുങ്ങ്, കാപ്പി തുടങ്ങിയ കൃഷികളും വ്യാപകമായി നശിച്ചു. വീടുകളിൽ സൂക്ഷിച്ച തേങ്ങ, അടയ്ക്ക തുടങ്ങിയ വിളകളും ഒലിച്ചു പോയി. വെള്ളം ഇറങ്ങിയ വീടുകളുടെ പരിസരത്തും റോഡിലുമായി അടിഞ്ഞുകൂടിയ ചെളി നീക്കംചെയ്യൽ വലിയ വെല്ലുവിളിയാണ്.വീടുകളിൽ വെള്ളം കയറി ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തകർ ഏറെ ബുദ്ധിമുട്ടി. വീട്ടിക്കൽകടവ്- കുന്നത്ത്ഗേറ്റ് റോഡിൽ താഴെ പൂതംകോട്ടിലെ അര കിലോമീറ്റർ ദൂരം പണി പൂർത്തിയാക്കാത്തതാണു പ്രതിസന്ധിയായത്. ഇരുചക്ര വാഹനങ്ങൾക്കു പോലും കടന്നുപോകാൻ പറ്റാത്ത വിധം ചെളിക്കളമായ റോഡിലൂടെ സാഹസികമായാണു സന്നദ്ധ പ്രവർത്തകർ എത്തിയത്

ഈ റോഡിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.പ്രദേശത്തു വെള്ളപ്പൊക്കത്തിനു കാരണമാകുന്ന തടയണകൾ നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കെ.ഡി. പ്രസേനൻ എംഎൽഎ തന്നോടൊപ്പം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ആലത്തൂർ തഹസിൽദാർ ടി. ജയശ്രീ, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ്, ബ്ലോക്ക് മെംബർ പി.എച്ച്. സെയ്താലി, പഞ്ചായത്ത് അംഗം ഡിനോയ് കോമ്പാറ, റവന്യു - പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com