മഴയുടെ തീവ്രത കുറഞ്ഞു വീടൊഴിഞ്ഞവർ തിരിച്ചെത്തുന്നു
Mail This Article
ഒറ്റപ്പാലം∙ നഗരപരിധിയിൽ ഭാരതപ്പുഴയും കൈവഴികളും കരകവിഞ്ഞു വെള്ളം കയറിയതിനു പിന്നാലെ വീടൊഴിഞ്ഞ കുടുംബങ്ങൾ തിരികെയെത്തിത്തുടങ്ങി. ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാംപിലേക്കും ഹോട്ടൽ മുറികളിലേക്കുമെല്ലാം മാറിയവരാണു വീടുകളിലേക്കു മടങ്ങിയെത്തുന്നത്.മഴ കുറഞ്ഞു വെള്ളം താഴ്ന്നതിനു പിന്നാലെയാണു വീടുകൾ വൃത്തിയാക്കി മടക്കം. മണിക്കൂറുകളോളം പ്രയത്നിച്ചാണു പല വീടുകളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കുന്നത്. ഫർണിച്ചറും വീട്ടുപകരണങ്ങളും യഥാസ്ഥാനത്തു തിരിച്ചു വയ്ക്കലാണ് അടുത്തഘട്ടം. ശുചീകരണ പ്രവർത്തനങ്ങൾക്കു പലയിടത്തും സന്നദ്ധ പ്രവർത്തകരുടെ സഹായവുമുണ്ട്.
അതേസമയം, വീടുകൾക്കുള്ളിൽ പോലും കാണപ്പെടുന്ന അപകടകാരികളായ ഇഴജന്തുക്കളാണു വീട്ടുകാർ നേരിടുന്ന വെല്ലുവിളി. വീട്ടിനുള്ളിലെത്തിയ വെള്ളത്തിനൊപ്പം കയറിക്കൂടിയതാണിവ. ഇതിനിടെ, ഒറ്റപ്പാലം എൻഎസ്എസ് ട്രെയ്നിങ് കോളജിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടു. കണ്ണിയംപുറം, ശാന്തിനഗർ, ഈസ്റ്റ് ഒറ്റപ്പാലം, വടക്കേപ്പാത, കാഞ്ഞിരക്കടവ്, കിഴക്കേക്കാട് പ്രദേശങ്ങളിലെ നൂറ്റിയറുപതോളം കുടുംബങ്ങളാണു പ്രളയസമാനമായ സാഹചര്യത്തിൽ വീടൊഴിഞ്ഞത്. തിങ്കളാഴ്ച പകലും രാത്രിയും തുടർച്ചയായി പെയ്ത അതിതീവ്ര മഴയിലാണു പുഴയും കൈവഴികളും നിറഞ്ഞു ചൊവ്വാഴ്ച രാവിലെ വീടുകളിൽ വെള്ളമെത്തിയത്. തിങ്കൾ രാവിലെ 8 മുതൽ ചൊവ്വ രാവിലെ 8 വരെയുള്ള 24 മണിക്കൂറിൽ 215 മില്ലീമീറ്റർ മഴയാണു ലഭിച്ചത്. 2018ലെയും 19ലെയും പ്രളയകാലങ്ങളെക്കാൾ ഉയർന്ന പ്രതിദിന കണക്കാണിത്.
ഷൊർണൂരിലുംസ്ഥിതി ശാന്തം
നഗരപരിധിയിലെ വീടുകളിൽ വെള്ളം കയറി താമസം മാറിയ കുടുംബങ്ങൾ തിരികെയെത്തി. ഗണേശ്ഗിരി, ചുഡുവാലത്തൂർ, ചുഡുവാലത്തൂർ വെസ്റ്റ്, തത്തംകോട്, നമ്പ്രം, കല്ലിപ്പാടം, കണയം പ്രദേശങ്ങളിലെ കുടുംബങ്ങളാണു വെള്ളം ഇറങ്ങിയതോടെ വീടുകളിൽ തിരിച്ചെത്തിയത്. സന്നദ്ധ പ്രവർത്തകരുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു വീടുകളിൽ ശുചീകരണം. നഗരസഭാ പ്രദേശത്തെ എൺപതോളം കുടുംബങ്ങളാണു വീടുകളിൽ വെള്ളം കയറി താമസം മാറിയിരുന്നത്.ഗണേശ്ഗിരി ഗവ.സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് പിരിച്ചുവിട്ടു. ഭാരതപ്പുഴയിൽ നിന്നു വെള്ളം കയറിയതിനെ തുടർന്ന് അടച്ച, നഗരസഭയ്ക്കു കീഴിലെ ശാന്തിതീരം ശ്മശാനം തുറന്നു. വെള്ളം കയറി പ്രതിസന്ധിയിലായ ഗതാഗതം പുനഃസ്ഥാപിച്ചു.