ഓഗസ്റ്റ് 3 വരെ ശക്തമായ മഴ; വയനാട് മേഖലയിൽ കാർമേഘങ്ങൾ കുറയുന്നു
Mail This Article
പാലക്കാട് ∙ ഓഗസ്റ്റ് 3 വരെ പലയിടത്തും ശക്തമായ മഴ ഉണ്ടാകാമെങ്കിലും പിന്നീട് 11 വരെ കാര്യമായ പെയ്ത്തുണ്ടാകില്ലെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. പല സ്ഥലത്തും നാലു വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. കേരളത്തിൽ മഴ കുറയുന്നുണ്ടെങ്കിലും കൊങ്കൺ മേഖലയിൽ ശക്തവും തീവ്രവുമായ മഴ രണ്ടാഴ്ചയെങ്കിലും തുടർന്നേക്കും. റഡാർ ദൃശ്യമനുസരിച്ചു വയനാട് മേഖലയിൽ കാർമേഘങ്ങൾ കുറയുന്നുണ്ട്. എന്നാൽ, ശക്തമായ മഴയിൽ മണ്ണിൽ പരമാവധി വെള്ളം നിറഞ്ഞ സ്ഥലങ്ങളിൽ സാധാരണ മഴയും പ്രശ്നങ്ങളുണ്ടാക്കാം.
ചാവക്കാട്, പൊന്നാനി, തിരൂർ, മണ്ണാർക്കാട്, കോഴിക്കോട്, വടകര, കൊയിലാണ്ടി, നാദാപുരം, ഹൊസ്ദുർഗ് എന്നിവിടങ്ങളിൽ കാർമേഘങ്ങൾ കേന്ദ്രീകരിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തിയിൽ നിലമ്പൂർ ഭാഗത്തു കൂമ്പാരമേഘങ്ങളാണു കാണുന്നത്.
കാർമേഘങ്ങൾ വൻതോതിൽ എത്തുന്നുണ്ടെങ്കിലും കൊങ്കണിലേക്കാണ് അധികവും നീങ്ങുന്നത്. എന്നാൽ, കറുത്ത വാവിനോടനുബന്ധിച്ചു കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ തീവ്രത മഴപ്പെയ്ത്തിനെ സ്വാധീനിക്കും. നിലവിൽ ഒഡീഷയ്ക്കു മുകളിൽ ചക്രവാതവുമുണ്ട്. കാലവർഷം ശക്തമായ ഈ സമയത്തും അറബിക്കടലിൽ ശരാശരി ഒന്നര ഡിഗ്രി ചൂടു കൂടുതലാണ്. കേരളതീരത്തോടു ചേർന്നാണു കൂടുതൽ അനുഭവപ്പെടുന്നത്. ലക്ഷദ്വീപിനോടു ചേർന്നു രണ്ടു ഡിഗ്രി ചൂടാണ് അധികം. പാലക്കാട് ജില്ലയിൽ ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കാലയളവിൽ സാധാരണ ലഭിക്കേണ്ട മഴ ഇതിനകം കിട്ടിയെന്നാണ് ഐഎംഡി കണക്ക്.
മഴ കുറഞ്ഞെങ്കിലും ദുരിതം ഒഴിയുന്നില്ല
ജില്ലയിൽ മഴ കുറഞ്ഞെങ്കിലും ദുരിതം ഒഴിയുന്നില്ല. ഇന്നലെ 174.14 മില്ലിമീറ്റർ മഴയാണു പെയ്തത്. 2 വീടുകൾ പൂർണമായും 17 വീടുകൾ ഭാഗികമായും തകർന്നു. രണ്ടു കടകൾ പൂർണമായും മൂന്നെണ്ണം ഭാഗികമായും തകർന്നു. 13 ഏക്കർ കൃഷി വെള്ളം കയറി നശിച്ചു. നാലു വീടുകളുടെ മതിലും തകർന്നിട്ടുണ്ട്. 13 വീടുകളിൽ വെള്ളം കയറി. 45 പേരെ കൂടി വിവിധ ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു. വെള്ളം ഒഴിഞ്ഞതോടെ 72 കുടുംബങ്ങളിലെ 346 പേരെ തിരികെ വീടുകളിലെത്തിച്ചു. 1,996 പേരാണു ക്യാംപുകളിൽ കഴിയുന്നത്.