ADVERTISEMENT

ശ്രീകൃഷ്ണപുരം ∙ കരിമ്പുഴ ആറ്റാശ്ശേരി കരിമ്പനവരമ്പ് ഒടുവൻപറമ്പിൽ ദേവാനന്ദന്റെയും സുരേന്ദ്രന്റെയും ഷെൽഫിൽ ശ്രീകൃഷ്ണ വിഗ്രഹത്തിനു സമീപം സൂഫിവര്യനായ ബീരാൻ ഔലിയയുടെ നേർച്ചപ്പെട്ടി കാണാം. ബീരാൻ ഔലിയയുടെ സ്മരണയിൽ പതിവു തെറ്റാതെ ഇക്കുറിയും ഈ സഹോദരങ്ങൾ കർക്കടകവാവു ദിനത്തിൽ വാവുസദ്യ ഒരുക്കി. 

50 വർഷത്തിലേറെ പഴക്കമുണ്ട് ഇവിടത്തെ വാവുസദ്യയ്ക്ക്. ജാതിമതഭേദങ്ങളില്ലാതെ നൂറുകണക്കിന് ആളുകളാണ് സൂഫിവര്യന്റെ സ്മരണകളുമായി ഒടുവൻപറമ്പിലെ വീട്ടിലേക്കു വരുന്നത്. ഈ സദ്യയ്ക്ക് ഒരു ചരിത്രമുണ്ട്. കരിമ്പനവരമ്പിൽ മുൻപു പലചരക്കുകട നടത്തിയിരുന്ന പറമ്പിൽപീടിക വീട്ടിൽ ബക്കർ കടയിൽ ബീരാൻഔലിയയുടെ നേർച്ചപ്പെട്ടി വച്ചിരുന്നു. 

ബക്കർ കട നിർത്തിയപ്പോൾ നേർച്ചപ്പെട്ടി കാട്ടിക്കുന്ന് ഖാദറിനു നൽകി. ഖാദറും കച്ചവട സ്ഥാപനം നിർത്തിയപ്പോൾ തൊട്ടടുത്തു കടയുണ്ടായിരുന്ന ഒടുവൻപറമ്പിൽ ചാമിക്കും ഭാര്യ ലക്ഷ്മിക്കും കൈമാറി. ഇവർ കച്ചവടം അവസാനിപ്പിച്ചപ്പോൾ നേർച്ചപ്പെട്ടി വീട്ടിൽ സൂക്ഷിച്ചു. ആളുകൾ നേർച്ചയായി ഇതിലേക്കു പണം നിക്ഷേപിക്കുമായിരുന്നു. 

ആദ്യകാലത്ത് ഇതിൽ നിന്നുള്ള പണം ഉപയോഗിച്ച് കർക്കടകത്തിൽ ആളുകൾക്കു കഞ്ഞിയാണു നൽകിയിരുന്നത്. ഇപ്പോൾ പാലടപ്രഥമൻ അടക്കം വിഭവസമൃദ്ധമായ സദ്യമാണ് നൽകുന്നത്. നേർച്ചപ്പെട്ടിയിൽ നിന്നു കിട്ടുന്ന പണത്തിനു പുറമേ നാട്ടുകാരും സംഭവാന നൽകാറുണ്ട്. ബാക്കി ചെലവു മുഴുവൻ ദേവാനന്ദനും സുരേന്ദ്രനും വഹിക്കുന്നു. നേർച്ചപ്പെട്ടി കൈമാറിയ ബക്കറിന്റെയും ഖാദറിന്റെയും പിന്മുറക്കാരായ നൗഷാദും രായിൻകുട്ടിയും ഓടുവൻപറമ്പിലെ വീട്ടിൽ സദ്യയൊരുക്കാൻ സജീവമായുണ്ട്. എല്ലാവരും ചേർന്നു വിളമ്പിയതു സ്നേഹത്തിന്റെ സന്ദേശം കൂടിയായിരുന്നു,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com