ADVERTISEMENT

വടക്കഞ്ചേരി∙ ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ കുതിരാൻ വരെ 11 സ്ഥലങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. നാട്ടുകാര്‍ നിരന്തരം പരാതി പറഞ്ഞിട്ടും ദേശീയപാത അതോറിറ്റിയോ നിര്‍മാണ കമ്പനിയോ തിരിഞ്ഞു നോക്കുന്നില്ല. വടക്കഞ്ചേരി മുതല്‍ വാണിയമ്പാറ വരെ ദേശീയപാതയോരത്തുള്ള 18 വീടുകള്‍ അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ചുവട്ടുപാടത്ത് ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്തിന് സമീപം ലില്ലി ഓ‌ട്ടോക്കാരന്റെ വീടിന്റെ പുറകിലെ മണ്ണിടിഞ്ഞ് വീട്ടിലേക്ക് പതിച്ചു.

ശുചിമുറി അടക്കം തകർന്നു. വീട്ടുകാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പന്നിയങ്കര ടോള്‍ പ്ലാസയ്ക്കു സമീപം ഉള്ളെരിക്കല്‍ റെജിയുടെ വീട‌് ഏത് നിമിഷവും നിലം പതിക്കാമെന്ന നിലയിലാണ്. പഞ്ചായത്തിലും വില്ലേജിലും ദേശീയപാത അതോറിറ്റിക്കും പരാതി നല്‍കിയിട്ടും ഇവിടെ സംരക്ഷണ ഭിത്തി കെട്ടി നല്‍കിയി‌ട്ടില്ല. ഒടുവില്‍ റെജിയും കുടുംബവും വീട്ടിലെ താമസം ഒഴിവാക്കി. 

ദേശീയപാത നിർമിക്കുമ്പോൾ മണ്ണെടുത്ത സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടി നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാലിത് പാലിക്കപ്പെട്ടില്ല. പലർക്കും തുച്ഛമായ വിലയ്ക്ക് സ്ഥലം വിട്ടുനൽകേണ്ടി വന്നു. നാൽപതോളം കുടുംബങ്ങൾ സ്ഥലം വിട്ടുനല്‍കി പോയി. നിലവിൽ വീടുകളിലുള്ളവർ പേടിച്ചാണിവിടെ കഴിയുന്നത്. ഇവർക്ക് പോകാൻ ഇടമില്ല. സംരക്ഷണ ഭിത്തി നിർമിക്കാൻ പണവും ഇല്ല. കഴിഞ്ഞ മഴയില്‍ തേനിടുക്കിലും പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപവും പന്നിയങ്കര സ്കൂളിന് സമീപവും ചുവട്ടുപാടത്തും ശങ്കരംകണ്ണൻ തോട്ടിലും വാണിയമ്പാറയിലും കുതിരാനിലും മണ്ണിടിഞ്ഞിരുന്നു. 

വാണിയമ്പാറ പള്ളിയുടെ സ്ഥലത്തെ റോ‍ഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ ഇടിഞ്ഞു താഴ്ന്നു. പന്നിയങ്കര സ്കൂളിന് മുൻപിലെ മൺതിട്ട അപകട ഭീഷണിയായി നിലനില്‍ക്കുന്നു.ദേശീയപാതയോരത്തുള്ള ശങ്കരംകണ്ണൻ തോട്ടിൽ മണ്‍തിട്ടയും ഇടിയാറായി നില്‍ക്കുകയാണ്. മഴ ശക്തമായാൽ കൂടുതൽ സ്ഥലങ്ങളില്‍ ഇടിച്ചിൽ ഉണ്ടാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

English Summary:

Landslides Threaten Homes on Vadakkanchery-Kuthiran Highway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com