ADVERTISEMENT

പാലക്കാട് ∙ സ്കൂളിൽ നിന്ന് അരങ്ങുകളിലേക്കായിരുന്നു പള്ളിപ്പുറം പരുതൂർ സിഇയുപി സ്കൂൾ അധ്യാപിക ബീന ആർ.ചന്ദ്രന്റെ യാത്ര. പഠിക്കുന്ന കാലത്തും പഠിപ്പിക്കുന്ന കാലത്തും അതാണു പതിവ്. ഒരുപാടു പേർ കൂടെയുണ്ടായിട്ടും പല കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീയുടെ വൈകാരികതലങ്ങളുടെ കഥ പറയുന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അരങ്ങുകളിലേക്കുള്ള ആ യാത്രയും അഭിനയവുമായിരുന്ന ബീന ടീച്ചറുടെ കരുത്ത്. ഒപ്പം ജീവിത യാത്രയിൽ എവിടെയൊക്കെയോ അത്തരത്തിൽ ഒറ്റപ്പെട്ടവരെ കണ്ടിട്ടുണ്ടായിരുന്നു. 

മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാർ അവാർഡ് നേടിയ ബീന ആർ.ചന്ദ്രൻ താൻ പഠിപ്പിക്കുന്ന പരുതൂർ സിഇയുപി സ്‌കൂളിലെത്തിയപ്പോൾ അഭിനന്ദിക്കാനായി ചുറ്റും കൂടിയ വിദ്യാർഥികൾ. ചിത്രം: മനോരമ
മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാർ അവാർഡ് നേടിയ ബീന ആർ.ചന്ദ്രൻ താൻ പഠിപ്പിക്കുന്ന പരുതൂർ സിഇയുപി സ്‌കൂളിലെത്തിയപ്പോൾ അഭിനന്ദിക്കാനായി ചുറ്റും കൂടിയ വിദ്യാർഥികൾ. ചിത്രം: മനോരമ

മനസ്സിൽ അടിഞ്ഞു കിടന്ന ആ കാഴ്ചകളും ‘തടവ്’ സിനിമയിലെ കഥാപാത്രത്തെ മികവുറ്റതാക്കി. ഒറ്റപ്പെടുന്ന സ്ത്രീയുടെ കഥ പറയുന്ന തടവിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ പട്ടാമ്പിക്കാരനായ സംവിധായകൻ ഫാസിൽ റസാക്ക് കാത്തു സൂക്ഷിച്ച അഭിനയമുഖം ബീനയുടെതാണ്. ആ തീരുമാനം തെറ്റിയില്ല. ഒറ്റപ്പെടുന്ന സ്ത്രീയുടെ വൈകാരിക ഭാവങ്ങൾ ബീന ടീച്ചറുടെ മുഖത്തു നിറഞ്ഞപ്പോൾ എത്തിയത് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം.

ഫാസിലിന്റെ ഹ്രസ്വ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിരുന്നതിനാൽ സംവിധായകന്റെ രീതികൾ പരിചിതമായിരുന്നു. എന്നാൽ തടവിന്റെ തിരക്കഥ വായിച്ചപ്പോൾ ആശങ്ക ഉണ്ടായി. ഗീത എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. ഒന്നു പാളിയാൽ എല്ലാം പിഴയ്ക്കും. അപ്പോഴും നാടക അരങ്ങിലെ കരുത്തു തുണയായി. കൂടുതൽ തന്മയത്വത്തോടെ സിനിമയിൽ കഥാപാത്രമായി മാറാൻ അത് സഹായിച്ചു.

മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാർ അവാർഡ് നേടിയ ബീന ആർ.ചന്ദ്രന് കൊടിക്കുന്ന് ജംക്‌ഷനിൽ സ്വീകരണം നൽകിയപ്പോൾ. ചിത്രം: മനോരമ
മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാർ അവാർഡ് നേടിയ ബീന ആർ.ചന്ദ്രന് കൊടിക്കുന്ന് ജംക്‌ഷനിൽ സ്വീകരണം നൽകിയപ്പോൾ. ചിത്രം: മനോരമ

ഈ സിനിമയുടെ കാസ്റ്റിങ് ഡയറക്ടറായും പ്രവർത്തിച്ചു. പരുതൂരിലും പട്ടാമ്പി പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം. സിനിമയിലെ ഇതര കഥാപാത്രങ്ങളും പട്ടാമ്പി സ്വദേശികളാണ്.      കഥാപാത്രത്തിനിണങ്ങുന്ന നാട്ടിലെ സുഹൃത്തുക്കളെ സിനിമയിലേക്കു തിരഞ്ഞെടുത്തു. ഷൂട്ടിങ് ലൊക്കേഷനുകൾ അവരുടെ വീടുകളും പരിസര പ്രദേശങ്ങളുമായിരുന്നു.     തുടർന്നും അവസരം ലഭിച്ചാൽ അഭിനയിക്കും. നാടകാഭിനയവും തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com