ADVERTISEMENT

വ്യവസായ നഗരം പദ്ധതി യാഥാർഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന വ്യവസായ മേഖലയാകും കഞ്ചിക്കോട്. വലിയ വ്യവസായശാലകളും പതിനായിരക്കണക്കിനു തൊഴിലാളികളും ആയിരക്കണക്കിനു വാഹനങ്ങളും പാർപ്പിട സമുച്ചയവുമൊക്കെയായി പുരോഗമിക്കും. എന്നാൽ സ്മാർട് സിറ്റി വരുമ്പോഴേക്കും നമ്മളും ഒരുപാടു മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. വ്യവസായ നഗരമായി മാറേണ്ട കഞ്ചിക്കോടിന്റെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.

വന്ദേഭാരത് സ്ലീപ്പർ ട്രെയിന്റെ ഉൾവശം.
വന്ദേഭാരത് സ്ലീപ്പർ ട്രെയിന്റെ ഉൾവശം.

കഞ്ചിക്കോട് ∙ കാര്യക്ഷമതയില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നടപടികളുമായി നീങ്ങിയ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡാണ് (ബിഇഎംഎൽ) രാജ്യത്തിന്റെ അഭിമാനമായ ‘വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ’ ട്രാക്കിലെത്തിക്കുന്നത്. പൂർണമായി രൂപകൽപന ചെയ്തു നിർമിച്ചതു ബെമ്‌ലിന്റെ ബെംഗളൂരുവിലെ പ്ലാന്റിൽ നിന്നാണെങ്കിലും സാങ്കേതിക സഹായവുമായി പിന്നണിയിൽ കഞ്ചിക്കോട് ബെമ്‌ൽ യൂണിറ്റുമുണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി നിർമിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കാഴ്ചയിലും കാര്യക്ഷമതയിലും വിദേശ ട്രെയിനുകൾക്കു സമാനമാണ്. 

വന്ദേഭാരതിന്റെ ചെയർകോച്ചുകൾ ഉൾപ്പെടെ ഇതുവരെയുള്ള മോഡലുകൾ നിർമിച്ചത് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നായിരുന്നു. ബെംഗളൂരുവിലെ ‘ബെമ്‌ലി’ന്റെ നിർമാണകേന്ദ്രത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിൻ പുറത്തിറക്കിയത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് പരീക്ഷണങ്ങൾക്കായി കൊണ്ടുപോകുന്ന ട്രെയിൻ ആദ്യം ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം പൂർത്തിയാക്കും. പിന്നീട് സുരക്ഷ ഉറപ്പാക്കി കമ്മിഷൻ ചെയ്തു 3 മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കുമെന്നാണു പ്രതീക്ഷ. ട്രെയിൻ രൂപകൽപന ചെയ്തു നിർമിച്ചെടുക്കാൻ ബെമ്‌ലിനു വേണ്ടിവന്നതു 9 മാസം മാത്രമാണ്.

 കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനും ഇതിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന സേലം–കൊച്ചി ദേശീയപാതയും.  ചിത്രം: മനോരമ
കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനും ഇതിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന സേലം–കൊച്ചി ദേശീയപാതയും. ചിത്രം: മനോരമ

ബെമ്‌ലിനു പുറമേ കൂടുതൽ സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാൻ നേരത്തെ റെയിൽവേ ടെൻഡറിലൂടെ ഒരു വിദേശ കമ്പനിയുമായി കരാർ ഉറപ്പിച്ചെങ്കിലും സാങ്കേതിക തടസ്സം നേരിട്ടതോടെ കരാർ ഉപേക്ഷിച്ചു. എന്നാൽ നേരത്തെ നിശ്ചയിച്ചതിനെക്കാൾ കാര്യക്ഷമതയിലും മികച്ച ഡിസൈനിലുമാണ് ബെമ്‌ൽ സ്ലീപ്പർ കോച്ചുകൾ നിർമിച്ചത്. 10 ട്രെയിൻ സെറ്റുകൾ നിർമിക്കാൻ 675 കോടി രൂപയാണ് ബെമ്‌ലിന് അനുവദിച്ചത്. വിദേശ കമ്പനി നൽകിയ കരാർ പ്രകാരം ഒരു ട്രെയിൻ സെറ്റ് നിർമിക്കാൻ ഏകദേശം 120 കോടി രൂപയാണു ചെലവ് പറഞ്ഞത്.

ഇതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ ചെലവിൽ കോച്ചുകൾ നിർമിച്ചു നൽകാനായെന്ന് ബെമ്‌ൽ അവകാശപ്പെടുന്നു. 2021 ജനുവരി 4നാണു ബെമ്‌ൽ സ്വകാര്യവൽക്കരിക്കാനും വിൽക്കാനുമായി കേന്ദ്ര സർക്കാർ താൽപര്യപത്രം ക്ഷണിച്ചത്. 2023–24 വർഷത്തിൽ നാലായിരം കോടി രൂപയിലേറെ വിറ്റുവരവും 300 കോടിയോളം രൂപ ലാഭവുമുണ്ടാക്കിയ, പ്രതിരോധ മേഖലയിലെ സുപ്രധാന കമ്പനികളിലൊന്നിനെയാണ് ആഗോള ടെൻഡർ ഉൾപ്പെടെ ക്ഷണിച്ച്, സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ തൊഴിലാളികൾ നടത്തുന്ന സമരം 1327 ദിവസം പിന്നിട്ടു.

സംസ്ഥാനത്തിന് ആവശ്യമുള്ള കല്ലുപ്പു മുതൽ മുള്ളാണി വരെയുള്ള സാധനങ്ങളുടെ 70–80 ശതമാനവും വരുന്നതു വാളയാർ വഴിയാണ്. വർഷം 1.5 ലക്ഷം കോടി രൂപയുടെ ചരക്കുനീക്കമാണു വാളയാർ വഴി നടക്കുന്നത്. ഏതാണ്ട് 1700 ഏക്കർ മേഖലയിൽ ഇൻഡസ്ട്രിയൽ സിറ്റി വരുമ്പോൾ ചരക്കുനീക്കം ഇതിലുമേറെയാകും. മൂന്നു നാലു വർഷത്തിനുള്ളിൽ സ്മാർട്സിറ്റിയുടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനുള്ള പണികൾ തുടങ്ങണം.

കെട്ടിടങ്ങളും റോഡുകളും നിർമിക്കാനുള്ള സാമഗ്രികൾ എത്തണം. വ്യവസായശാലകൾ ഉയരണം, അതിലേക്കുള്ള അസംസ്കൃതവസ്തുക്കൾ എത്തിക്കണം. ഉൽപന്നങ്ങൾ ലോകമെമ്പാടും കയറ്റുമതി ചെയ്യണം. ചരക്കുനീക്കം സുഗമമാക്കുന്നതിനു കഞ്ചിക്കോട് കേന്ദ്രീകരിച്ചു ലോജിസ്റ്റിക്സ് പാർക്ക് ഉറപ്പായും വേണം. അതിനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കണം. 

എന്താണ് ലോജിസ്റ്റിക്സ് പാർക്ക് 
വ്യവസായ സംരംഭകരുടെയും സ്‌ഥാപനങ്ങളുടെയും പ്രവർത്തനത്തിനുള്ള വിഭവങ്ങളും സേവനങ്ങളും ഒരുക്കിക്കൊടുക്കുക എന്നതാണു ലോജിസ്‌റ്റിക്‌സ് എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. നിർമാണസാമഗ്രികളുടെയും ഉൽപന്നങ്ങളുടെയും ചരക്കുനീക്കം, വെയർഹൗസുകളുടെ പരിപാലനം, സാധനങ്ങളുടെ പാക്കേജിങ്, ഗതാഗതം–ചരക്കുനീക്കം സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം, പുറപ്പെടുന്ന സ്‌ഥലത്തും ലക്ഷ്യസ്‌ഥാനത്തും സർക്കാർ നടപടികൾ പൂർത്തീകരിക്കൽ തുടങ്ങി വിപുലമായ ഉത്തരവാദിത്തമുണ്ട്.

ആഭ്യന്തര, രാജ്യാന്തര കണ്ടെയ്‌നർ നീക്കത്തിന്റെ നിയന്ത്രണകേന്ദ്രമാണ് ലോജിസ്റ്റിക്സ് പാർക്ക്. കണ്ടെയ്‌നർ നിർമാണത്തിനും  അറ്റകുറ്റപ്പണികൾക്കും ഇവിടെ സൗകര്യമുണ്ടാകും. സ്മാർട് സിറ്റിയുടെ സാഹചര്യത്തിൽ ലോജിസ്റ്റിക് പാർക്ക് നിർബന്ധമാണ്

കഞ്ചിക്കോടിന്റെ സാധ്യതകൾ
ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിയുടെ സാഹചര്യത്തിൽ‍ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് കഞ്ചിക്കോട് കേന്ദ്രീകരിച്ച് ആരംഭിക്കുന്നതിനായി കേരളം ശ്രമം തുടങ്ങണം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിൽ ഗതാഗതസൗകര്യങ്ങൾ ഒത്തുചേർന്ന സ്ഥലമാണു കഞ്ചിക്കോട്. സേലം–കൊച്ചി ദേശീയപാത 544 കടന്നുപോകുന്നതു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറെ അകലെയല്ലാതെയാണ്, വെറും 50 മീറ്ററിൽ താഴെ മാത്രം ദൂരം.

കോയമ്പത്തൂർ വിമാനത്താവളവും കൊച്ചി രാജ്യാന്തര വിമാനത്താവളവും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും ഏറെ അകലെയല്ല. കോഴിക്കോട്ടേക്കുള്ള പുതിയ ഗ്രീൻഫീൽഡ് ഹൈവേ ആരംഭിക്കുന്നതും സമീപത്താണ്.  വലിയ ചരക്കുകളും യന്ത്രസാമഗ്രികളും സൂക്ഷിക്കുന്നതിനു ഗോഡൗൺ സൗകര്യത്തിനുള്ള സ്ഥലം കഞ്ചിക്കോട്ട് ലഭ്യമാണ്. കണ്ടെയ്നർ ചരക്കുനീക്കത്തിന് റെയിൽവേ റോ–റോ സംവിധാനം ഉപയോഗിക്കാം. 

സാധാരണഗതിയിൽ ട്രക്ക് വഴി ഉത്തരേന്ത്യയിലേക്കു സാധനങ്ങൾ കൊണ്ടുപോകുമ്പോൾ 7 മുതൽ 14 ദിവസങ്ങൾ വരെ എടുക്കാം. പക്ഷേ സാധനങ്ങൾ നിറച്ച ട്രക്കുകൾ റോ–റോ സംവിധാനം ഉപയോഗിച്ച് നാലോ അ‍ഞ്ചോ ദിവസം കൊണ്ട് എത്തിക്കാം. കടത്തുകൂലിയിൽ വൻ കുറവ് ഉണ്ടാകും

സുഖയാത്ര, സുരക്ഷിത യാത്ര
സുഖകരമായ യാത്രയ്ക്കൊപ്പം മികച്ച സുരക്ഷാ ക്രമീകരണങ്ങളുമായാണു സ്ലീപ്പർ കോച്ച് വന്ദേഭാരത് എത്തുന്നത്. സ്റ്റെയിൻലെസ് സ്റ്റീലു കൊണ്ടാണ് കംപാർട്മെന്റുകൾ നിർമിച്ചിരിക്കുന്നത്. കുലുക്കം ഒഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപന. 11 എസി ത്രീ ടയർ കോച്ചുകളും (611 ബെർത്തുകൾ), 4 എസി ടു ടയർ കോച്ചുകളും (188 ബെർത്തുകൾ), ഒരു ഒന്നാം ക്ലാസ് എസി കോച്ചും (24 ബെർത്തുകൾ) ഉൾപ്പെടെ മൊത്തം 16 കോച്ചുകളും 823 ബെർത്തുകളുണ്ട്. 

വന്ദേഭാരത്  സ്ലീപ്പറിന്റെ പ്രത്യേകതകൾ
∙ പൂർണമായി സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടുള്ള ബോഗികൾ
∙ ഫൈബർ ഗ്ലാസ് പാനലുകൾ ഉപയോഗിച്ചുള്ള ഉൾഭാഗം
∙ ഒന്നാംക്ലാസ് എസി കാറിൽ ചൂടുവെള്ളവും ഷവറും
∙ യാത്രക്കാരുടെ വായനയ്ക്കായി പ്രത്യേക ലൈറ്റിങ് 

സംവിധാനം
∙ പബ്ലിക് അനൗൺസ്മെന്റ്- വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റം
∙ എല്ലാ ഭാഗത്തും ഓട്ടമാറ്റിക് വാതിലുകൾ
∙ മോഡുലാർ പാൻട്രി
∙ വിശാലമായ ലഗേജ് മുറി
∙ മികച്ച നിലവാരത്തിലുള്ള ഫയർ ആൻഡ് സേഫ്റ്റി
∙ പ്രത്യേക പരിഗണനയുള്ളവർക്കായി പ്രത്യേക ബെർത്തുകളും ശുചിമുറികളും

English Summary:

This article highlights the significant contribution of BEML's Kanjikode unit in developing the Vande Bharat Sleeper Train. Despite facing privatization challenges, BEML successfully designed and manufactured this modern train, showcasing Indian engineering prowess. The article emphasizes the technical assistance provided by the Kanjikode unit and compares the Vande Bharat Sleeper Train's features to international standards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com