ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി വളരാൻ വെള്ളം വേണം; ചർച്ചയായി വെള്ളത്തിന്റെ ലഭ്യത
Mail This Article
പാലക്കാട് ∙ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയും ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിയും വരുമ്പോൾ പ്രധാനമായി ചർച്ചയാകുന്നതു വെള്ളത്തിന്റെ ലഭ്യതയാണ്. ശുദ്ധജലവും വ്യവസായ ആവശ്യത്തിനുള്ള വെള്ളവും കരുതണം. കഞ്ചിക്കോട്ടു നിലവിൽ കമ്പനികളിലേക്ക് അത്യാവശ്യമായ ശുദ്ധജലം എത്തിക്കാൻ പോലും വലിയ പദ്ധതി ഒരുക്കിയിട്ടില്ല.പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിൽ ഭൂഗർഭ ജലവിതാനം താഴ്ന്നതിനാൽ പല കമ്പനികളും വലിയ വില കൊടുത്തു ടാങ്കറുകളിൽ വെള്ളമെത്തിച്ചാണു ശുദ്ധജല ക്ഷാമം പരിഹരിക്കുന്നത്. മലമ്പുഴ അണക്കെട്ടിൽ നിന്നു കിൻഫ്രയിലേക്കു പൈപ്പിലൂടെ വെള്ളമെത്തിക്കാനുള്ള പദ്ധതി സാങ്കേതിക തടസ്സങ്ങളാൽ വൈകുകയാണ്. പലയിടത്തും പൈപ്പ് ലൈനുകൾ സ്ഥാപിച്ചെങ്കിലും പൂർണമായിട്ടില്ല. റെയിൽവേ ലൈനിനടിയിലൂടെ പൈപ്പ് ലൈൻ കടന്നുപോകേണ്ടതിനാൽ ഇതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
ഏറെ പ്രതിസന്ധികൾക്കൊടുവിൽ 2019ലാണ് മലമ്പുഴ അണക്കെട്ടിൽ നിന്നു കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കു ശുദ്ധജലമെത്തിക്കാൻ കിൻഫ്ര പദ്ധതി ഒരുക്കിയത്. 23 കോടി രൂപയായിരുന്നു ഇതിന്റെ നിർമാണ ചെലവ്. മലമ്പുഴ മുതൽ കഞ്ചിക്കോട് മെഗാ ഫുഡ്പാർക്ക് വരെ 600 എംഎം പൈപ്പുകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇതിനൊപ്പം കിൻഫ്രയിൽ ദിനംപ്രതി 10 കോടി ലീറ്റർ വെള്ളം നൽകാവുന്ന വിധത്തിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മലമ്പുഴ, പുതുശ്ശേരി, എലപ്പുള്ളി എന്നീ പഞ്ചായത്തുകളിലായി 16 കിലോമീറ്റർ നീളത്തിലാണു പൈപ്പ് ലൈൻ കടന്നുപോവുന്നത്. പദ്ധതി എപ്പോൾ പൂർത്തിയാക്കാനാകുമെന്നതു കാത്തിരുന്നു കാണണം.
വലിയേരി മിനി ഡാം: നടപടിയില്ല
ആവശ്യത്തിനു വെള്ളം ലഭ്യമാക്കാൻ കിൻഫ്ര മുന്നോട്ടു വച്ച പദ്ധതിയാണു വലിയേരി മിനി ഡാം. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയെത്തിയിട്ടില്ല.കഞ്ചിക്കോടൻ മലനിരകളിൽ നിന്നെത്തുന്ന വെള്ളം നിലവിലെത്തുന്നതു മലയടിവാരത്തിലുള്ള വലിയേരിയിലാണ്. 22 ഏക്കറിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. പുതുശ്ശേരി പഞ്ചായത്തിലെ വാർഡ് മൂന്നിലാണ് ഇതുള്ളത്. ഇവിടെ നിന്നു പൈപ്പ് ലൈൻ സ്ഥാപിച്ചു വ്യവസായമേഖലയിലേക്കു ശുദ്ധജലമെത്തിക്കാം. ദൂരം കുറവായതിനാൽ ചെലവു കുറഞ്ഞ രീതിയിൽ പദ്ധതി നടപ്പാക്കാനാകും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന, അഞ്ചാം വാർഡിലുള്ള 10 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ചെല്ലങ്കാവ് ഏരിയും പുനർനിർമിച്ച് ഉപയോഗിക്കാം. കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറവും ശുദ്ധജല വിഷയത്തിൽ ഒട്ടേറെ തവണ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.