ADVERTISEMENT

ഒറ്റപ്പാലം∙ താലൂക്കിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകൾ മാസങ്ങളായി കെട്ടിക്കിടക്കുന്നു. നിലവിൽ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ അപേക്ഷ സമർപ്പിച്ച മൂവായിരത്തിലേറെ പേരാണു ടെസ്റ്റിന് ഊഴം കാത്തിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകൾ സൂക്ഷ്മമായി മാറാനും ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടു ഗതാഗത വകുപ്പ് പുറപ്പെടുവിച്ച  സർക്കുലറിനു പിന്നാലെ തുടങ്ങിയ പ്രതിസന്ധിയാണിത്. ഓരോ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും ഉൾപ്പെട്ട സംഘം ദിവസവും പരമാവധി 40 ടെസ്റ്റുകളാണു നടത്തുന്നത്. നിലവിൽ ഒറ്റപ്പാലത്ത് ഉദ്യോഗസ്ഥരെ 2 ബാച്ചുകളാക്കി തിരിച്ചു പ്രതിദിനം 80 ടെസ്റ്റുകൾ നടത്തുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനാകാത്ത സാഹചര്യമാണ്.

സർക്കുലർ പുറത്തിറങ്ങും മുൻപു നേരത്തെ പ്രതിദിനം 120 ടെസ്റ്റുകളാണ് ഒറ്റപ്പാലത്തു നടന്നിരുന്നത്. ഇക്കാലത്ത് ഒരുപരിധിവരെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിഞ്ഞിരുന്നു.ഇപ്പോൾ എട്ട് മാസത്തോളമായി ടെസ്റ്റിന് അവസരം കാത്തു കഴിയുന്നവർ  ഉൾപ്പെടെ കൂട്ടത്തിലുണ്ട്. ജോലിക്കും മറ്റുമായി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകേണ്ടവർ പോലും ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയാക്കാനും ലൈസൻസ് ലഭിക്കാനുമുള്ള കാത്തിരിപ്പിലാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പാലപ്പുറം ചിനക്കത്തൂർക്കാവ് മൈതാനിയിലാണു ടെസ്റ്റുകൾ.

ബദൽ സംവിധാനവും ഫലപ്രദമാകുന്നില്ല
ഒറ്റപ്പാലം∙  മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി താൽക്കാലികമായി നിയോഗിച്ചിട്ടും ഡ്രൈവിങ് ടെസ്റ്റ് പ്രതിസന്ധി മറിടകടക്കാനാകുന്നില്ല. വാഹനങ്ങളുടെ ഫിറ്റ്നസ് ‌‌ടെസ്റ്റ് ഉള്ള ദിവസങ്ങളിൽ ഒരു എംവിഐയെയും എഎംവിഐയെയും ഇതിനു നിയോഗിക്കുന്നതോടെ ഡ്രൈവിങ് ടെസ്റ്റ് 80ൽ നിന്നു 40 ആയി കുറയുന്ന സാഹചര്യം ഒഴിവാക്കാനാണു ബദൽ സംവിധാനം. ഊഴം കാത്തു കഴിയുന്നവരുടെ എണ്ണം വർധിച്ചതോടെയാണു പാലക്കാട്ടെ സ്ക്വാഡിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഡ്രൈവിങ് ടെസ്റ്റ് ഡ്യൂട്ടിക്കു പ്രയോജനപ്പെടുത്തുന്നത്. അതേസമയം, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയ സർക്കുലർ പുറത്തിറങ്ങിയ ഘട്ടത്തിൽ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഉള്ള ദിവസങ്ങളിൽ 40 ഡ്രൈവിങ് ടെസ്റ്റുകൾ മാത്രമാണു നടന്നിരുന്നത്.

English Summary:

A significant backlog of driving test applications plagues Ottapalam's Sub Regional Transport Office, leaving thousands of aspiring drivers in limbo. Despite increased testing capacity, the backlog persists, causing frustration and delays for applicants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com