ഓണാഘോഷം: ലഹരി കടത്തു തടയാൻ എക്സൈസിന്റെ ‘മിന്നൽ സ്ക്വാഡ്’
Mail This Article
വാളയാർ ∙ ഓണത്തോടനുബന്ധിച്ചുള്ള ലഹരികടത്തും അനധികൃത മദ്യക്കടത്തും തടയാൻ ഇക്കുറി എക്സൈസിന്റെ ‘മിന്നൽ സ്ക്വാഡ്’ രംഗത്ത്. ഒരു എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എല്ലാ താലൂക്കിലെയും ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതലത്തിൽ രൂപീകരിച്ച സ്പെഷൽ ടീമിനാണ് ‘മിന്നൽ സ്ക്വാഡ്’ എന്ന പേരിട്ടിട്ടുള്ളത്. കള്ളു ഷാപ്പുകൾ ഉൾപ്പെടെ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഈ കാലയളവിൽ ടീം പ്രത്യേകം നിരീക്ഷിക്കും. എല്ലാ ഡിസ്റ്റിലറികളിലും ബ്രുവറികളിലും പ്രത്യേകം നിരീക്ഷണം നടത്തും. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്, പൊലീസ്, റവന്യൂ, വനം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനയും നടത്തും.
ഇതുവരെ 1087 പരിശോധനകളും വിവിധ വകുപ്പുകളുമായി ചേർന്ന് 34 സംയുക്ത പരിശോധനകളും നടത്തി. 151 അബ്ക്കാരി കേസുകളും, 43 ലഹരി കടത്തു കേസുകളിലുമായി 159 പ്രതികളെ പിടികൂടി. 13 വാഹനം കസ്റ്റഡിയിലെടുത്തു. അബ്ക്കാരി കേസുകളിലായി 1518 ലീറ്റർ സ്പിരിറ്റും 618.250 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും, 9.1 ലീറ്റർ ബിയറും, 17.5 ലീറ്റർ ചാരായവും, 49.730 ലീറ്റർ ഇതര സംസ്ഥാന മദ്യവും, 5793 ലീറ്റർ വാഷും, 1492 ലീറ്റർ കള്ളും പിടിച്ചെടുത്തു. ലഹരി കടത്തു കേസുകളിൽ 41.119 കിലോഗ്രാം കഞ്ചാവ്, 435 എണ്ണം കഞ്ചാവ് ചെടികളും, 1.76 ഗ്രാം മെത്താംഫെറ്റാമിനും പിടിച്ചെടുത്തു.. പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് 757 കേസുകളിലായി 152.269 കിലോഗ്രാം പുകയില ഉൽപന്നങ്ങൾ പിടികൂടി. 1294 കള്ള് ഷാപ്പുകളും 58 ബാറുകളും പരിശോധന നടത്തി. ഇതിൽ 302 കള്ള് സാംപിളുകളും 36 ഇന്ത്യൻ നിർമിത വിദേശമദ്യ സാംപിളുകളും ശേഖരിച്ചു. 669 കള്ള് ചെത്ത് തോപ്പുകളിലും പരിശോധന നടത്തി.
പൊലീസ് ഡോഗ് സ്ക്വാഡും എക്സൈസും സംയുക്തമായി എല്ലാ ചെക്ക് പോസ്റ്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും, പാഴ്സൽ–കൊറിയർ സർവീസ് തുടങ്ങിയ കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്നും പാലക്കാട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.രാകേഷ് അറിയിച്ചു. സൈബർ സെല്ലിന്റെയും തമിഴ്നാട് പൊലീസ് ടീമിന്റെയും സഹായവും ലഭ്യമാക്കിയിട്ടുണ്ട്. പരാതികൾ നേരിട്ട് അറിയിക്കാൻ ജില്ലാതല കൺട്രോൾ റൂമും താലൂക്ക്തല കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
∙ എക്സൈസ് ജില്ലാ ഓഫിസ് പാലക്കാട്: 0491 250589
∙ നർകോട്ടിക് സ്പെഷൽ സ്ക്വാഡ്: 0491 2526277
∙ എക്സൈസ് സർക്കിൾ ഓഫിസ് പാലക്കാട്: 0491 2539260
∙ എക്സൈസ് സർക്കിൾ ഓഫിസ് ചിറ്റൂർ: 04923 222272
∙ എക്സൈസ് സർക്കിൾ ഓഫിസ് ആലത്തൂർ: 04922 222474
∙ എക്സൈസ് സർക്കിൾ ഓഫിസ് ഒറ്റപ്പാലം : 04662 244488
∙ എക്സൈസ് സർക്കിൾ ഓഫിസ് മണ്ണാർക്കാട് : 04924 225644