ഓണമെത്തിയിട്ടും ഉണരാതെ ഊട്ടി വിനോദസഞ്ചാര മേഖല; ഹോട്ടൽ ഉടമകളും വ്യാപാരികളും പ്രതിസന്ധിയിൽ
Mail This Article
ഊട്ടി∙ ഓണത്തിന്റെ അവധിദിനങ്ങൾ എത്തിയിട്ടും ഉണരാതെ ഊട്ടിയിലെ വിനോദസഞ്ചാരമേഖല. മലയാളികളുടെ തിരക്കില്ലാത്തതാണ് കാരണം. സാധാരണയായി വാരാന്ത്യങ്ങളിൽ ഊട്ടിയിൽ സഞ്ചാരികളുടെ തിരക്ക് പതിവായിരുന്ന നിലയിലാണ് വയനാട് ദുരന്തമായി എത്തിയത്. ഇതിനു ശേഷം ഊട്ടിയിലേക്ക് കേരളത്തിൽ നിന്ന് ആളുകൾ എത്താതെയായി. ഊട്ടിയിലും ഉരുൾപൊട്ടൽ ഉണ്ടാകാമെന്നുള്ള വ്യാജപ്രചാരണവും വിനോദസഞ്ചാരമേഖലയ്ക്ക് ഇരുട്ടടിയായി.
കേരളത്തിലെ വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് കഴിയുന്ന റിസോർട്സ്, കോട്ടേജ്, ഹോട്ടലുകൾ നടത്തുന്നവരുടെയും വഴിയോരക്കച്ചവടക്കാരടക്കമുള്ള ആളുകളുടെയും ജീവിതമാണ് കോവിഡ് കാലത്തിലെന്ന പോലെ വഴിമുട്ടി നിൽക്കുന്നത്. ഊട്ടിയിലെത്തുന്ന വാഹനങ്ങളുടെയും ആളുകളുടെയും കണക്ക് തിട്ടപ്പെടുത്താനുള്ള കോടതിയുടെ ഇ പാസ് നിയന്ത്രണമാണ് ആദ്യം തിരക്ക് കുറച്ചതെങ്കിൽ പിന്നീട് അത് മഴയുടെ രൂപത്തിലുമെത്തുകയായിരുന്നു.
കഴിഞ്ഞ വർഷം വന്നവരുടെ പകുതി വിനോദസഞ്ചാരികൾ പോലും ഊട്ടിയിലെത്തിയിട്ടില്ല. മലയാളികളായ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമാണ് ചോദ്യചിഹ്നമായിരിക്കുന്നത്. ഓണത്തിന്റെ അവധി ആഘോഷിക്കാനും തുടർന്നു വരുന്ന പൂജ അവധിദിനങ്ങളിലും വിനോദസഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് കഴിയുകയാണ് ഈ മേഖലയിലുള്ളവർ.