കാളികൊളുമ്പിൽ പുലിയെ കണ്ട് വീട്ടമ്മ ഭയന്നോടി
Mail This Article
കൊല്ലങ്കോട് ∙ കാളികൊളുമ്പിൽ പുലിയെ കണ്ട വീട്ടമ്മ ഭയന്നോടി. കാളികൊളുമ്പിലെ ജയിലാവുദ്ദീന്റെ കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ അഴിക്കാനായി പോയ സമയത്തു പശുവിനു സമീപത്തായി പുലി നിൽക്കുന്നതു കണ്ട് അവിടെ നിന്നു നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. ബിന്ദു ഗംഗാധരന്റെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ എത്തിനോക്കിയ സമയത്തു പുലിയെ കാണാനില്ലായിരുന്നു. എന്നാൽ പുലിയെ നേരിൽ കണ്ട ബിന്ദു ഏറെ നേരം ഭീതിയിലായിരുന്നു.
ജനസാന്നിധ്യം സജീവമായുള്ള സന്ധ്യാസമയത്തു പോലും പുലിയെ കണ്ട സാഹചര്യത്തിൽ പ്രദേശവാസികൾ ഏറെ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ഇതിനു സമീപത്തെ മേലെ ചീരണി ഭാഗത്തു നിന്നു പുലി നായയെ പിടിച്ചുകൊണ്ടു പോയിരുന്നു. അതും വൈകിട്ടു അഞ്ചരയോടെയായിരുരുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പുറത്തുണ്ടാകുന്ന സമയത്തു പുലിയുടെ സാന്നിധ്യം ജീവനു ഭീഷണിയാണെന്നു നാട്ടുകാർ പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്കൊപ്പം പ്രദേശത്തു തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നു കൊല്ലങ്കോട് വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ പ്രദേശത്തു തിരച്ചിൽ നടത്തും.
നിലവിൽ പുലിയെ പിടികൂടാനായി വനം വകുപ്പ് കൊശവൻകോടിൽ സ്ഥാപിച്ച കൂട് കാടുപിടിച്ചു കിടക്കുകയാണ്. അതിന്റെ സമീപപ്രദേശങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത്. ഒരിടവേളയ്ക്കു ശേഷം തുടരെ പുലി പ്രദേശത്ത് എത്തുന്നുണ്ട്. കൊശവൻകോട്, കാളികൊളുമ്പ്, വാഴപ്പുഴ, മേലെ ചീരണി എന്നിവിടങ്ങളിലെല്ലാം പുലിയുടെ സാന്നിധ്യമുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. ജനങ്ങളും കർഷകരും ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ പുലിയെ പിടികൂടാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക സംരക്ഷണ സമിതി ഭാരവാഹികളും നാട്ടുകാരും തിങ്കളാഴ്ച വനം ചീഫ് കൺസർവേറ്റർ കാണും.