പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗതാഗത ക്രമീകരണം
Mail This Article
പാലക്കാട് ∙ ഇരുചക്ര വാഹനങ്ങൾക്കു താൽക്കാലിക പാർക്കിങ് ഉൾപ്പെടെ ജില്ലാ ആശുപത്രിയിൽ ഗതാഗത ക്രമീകരണം നടപ്പാക്കി. മെഡികെയർ മെഡിക്കൽ ഷോപ്പിലേക്കു പോകുന്ന വഴി കെട്ടിടം പൊളിച്ച ഭാഗത്താണ് ഇരുചക്രവാഹനം നിർത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ പുതിയ നിർമാണം ആരംഭിക്കുന്നതു വരെ മാത്രമാണു പാർക്കിങ് ക്രമീകരണം. ഈ സ്ഥലത്ത് ഉൾക്കൊള്ളാവുന്ന വാഹനങ്ങൾ ഇവിടെ നിർത്താം. ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ മുന്നിലുള്ള റോഡരികിലാണു നിർത്തിയിടുന്നത്. ഇവിടെ നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബദൽ സംവിധാനം ഇല്ലാത്തതിനാൽ വാഹനങ്ങൾ ഇവിടെത്തന്നെയാണു നിർത്തുന്നത്. ആശുപത്രിയിൽ താൽക്കാലിക പാർക്കിങ് ഏർപ്പെടുത്തിയതോടെ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലേക്ക് എത്തുന്നവരുടെ ഇരുചക്ര വാഹനങ്ങൾക്കു കോട്ടമൈതാനത്തിനു സമീപം പാർക്കിങ് സൗകര്യം ഏർപ്പെടുത്താനാകുമോ എന്നും ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നുണ്ട്. ജില്ലാ ആശുപത്രി ഒപി ബ്ലോക്കിലേക്കു രോഗികളുമായെത്തുന്ന ഓട്ടോറിക്ഷകൾക്കു വൺവേ സംവിധാനം ഏർപ്പെടുത്തി. ആശുപത്രിയുടെ പ്രധാന ഗേറ്റ് വഴി പ്രവേശിക്കുന്ന ഓട്ടോകൾ ഒപി ബ്ലോക്കിനു സമീപം എത്തി യാത്രക്കാരെ ഇറക്കി നേരെ മുന്നോട്ടുപോയി അടുത്ത ഗേറ്റ് വഴി പുറത്തേക്കിറങ്ങണം. നേരത്തെ പ്രധാന ഗേറ്റ് വഴിയായിരുന്നു വരവും പോക്കും. ഇത് അത്യാഹിത വിഭാഗത്തിലേക്കുള്ള ആംബുലൻസുകളെ അടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ സഹായത്തോടെ പുതിയ ക്രമീകരണം നടപ്പാക്കിയത്. അത്യാഹിത വിഭാഗത്തിലേക്കുള്ള ആംബുലൻസുകളുടെയും ഇതര വാഹനങ്ങളുടെയും വരവിനു തടസ്സം ഇല്ലാതിരിക്കാനും ക്രമീകരണം നടപ്പാക്കിയിട്ടുണ്ട്.