പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പിൽ നിന്നു കഥകളിച്ചിത്രം
Mail This Article
ഷൊർണൂർ∙ ശീതളപാനിയങ്ങളും കുപ്പിവെള്ളവും കുടിച്ച് ആളുകൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലിന്റെ അടപ്പിലൂടെ ഷൊർണൂർ മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയത് അതിമനോഹരമായ കഥകളിച്ചിത്രം. സ്കൂളിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് എന്തെങ്കിലും വ്യത്യസ്തമായി ചിന്തിക്കണം എന്ന ഒരു കൂട്ടം വിദ്യാർഥികളുടെ ആശയമാണ് ഇത്തരത്തിലുള്ള കലാസൃഷ്ടിയിലേക്കു നയിച്ചത്. പ്ലസ് ടു ബയോമാക്സ് വിദ്യാർഥികളായ കെ.ജെ ജീവൻ , അമൽ ആനന്ദ്, എ സി അജിത്ത് കൃഷ്ണൻ, വി സഞ്ജയ്, പി വിഷ്ണു, നിവേദ് പി അനിൽ, പി.എസ് പൂജ , മിത്ര മനോജ് എന്നീ 8 പേരടങ്ങുന്ന സംഘമാണ് ഈ പ്രയത്നത്തിനു പിന്നിൽ.
ഒരു മാസത്തിന്റെ അധ്വാന ഫലമായാണ് ഇത്തരത്തിൽ ഒരു കലാരൂപം നിർമിച്ചെടുക്കാൻ കഴിഞ്ഞതെന്നു വിദ്യാർഥികൾ പറഞ്ഞു. സ്കൂളിലെ ഒഴിവു നേരങ്ങൾ കണ്ടെത്തിയാണ് ഇതിന്റെ പിന്നിലെ പണികൾ പൂർത്തിയാക്കിയത്. വിവിധ ഇടങ്ങളിൽ വലിച്ചെറിഞ്ഞ 4000ത്തോളം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകളാണു ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.ബാക്കിയുള്ളത് പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞവയും കണ്ടെത്തി അവ ശേഖരിച്ചാണ് നിർമാണം. 5 അടി ഉയരവും 5 അടി വീതിയും കലാസൃഷ്ടിക്കുണ്ട്.
കൃത്യമായ വലുപ്പത്തിൽ ബോർഡ് ഉണ്ടാക്കി അതിൽ ചിത്രം വരച്ച ശേഷം അടപ്പുകൾക്ക് നിറം നൽകി അതിലേക്ക് വയ്ക്കുകയുമാണു ചെയ്തതെന്നു വിദ്യാർഥികൾ പറഞ്ഞു. പ്രയത്നത്തിന് അധ്യാപകരുടെ സഹായവും വിദ്യാർഥികൾക്ക് ഉണ്ടായിരുന്നു. കേരള സർക്കാരിന്റെ ശുചിത്വ മിഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ല കലക്ടർ ഡോ എസ് ചിത്ര ഐഎഎസ് സ്കൂളിൽ എത്തി ചിത്രം സന്ദർശിക്കുകയും ഇത്തരത്തിൽ അജൈവ മാലിന്യങ്ങളിൽ നിന്നും കലാസൃഷ്ടികൾക്കു നേതൃത്വം നൽകിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തിരുന്നു.