നെല്ലിന്റെ സംഭരണവില: പ്രഖ്യാപനം വൈകുന്നു
Mail This Article
പാലക്കാട് ∙ സംസ്ഥാനത്ത് ഒന്നാംവിള നെല്ലിന്റെ സംഭരണവില പ്രഖ്യാപനം വൈകുന്നു. കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ വർധിപ്പിച്ച് 23 രൂപയാക്കിയിട്ടുണ്ടെങ്കിലും കേരളം നൽകുന്ന പ്രോത്സാഹന വിഹിതം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സംഭരണവില വർധിക്കുന്നതിനു സർക്കാർ അനുകൂലമല്ല എന്നാണു വിവരം. വില വർധിപ്പിക്കണമെന്നാണു നിലപാടെന്ന് കൃഷി മന്ത്രി പി.പ്രസാദ് വ്യക്തമാക്കിയിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻവർഷത്തെ അതേ സംഭരണവിലയായ, കിലോയ്ക്ക് 28.32 രൂപ നിരക്കിൽ തന്നെ നെല്ലെടുക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ സീസണിലും ഇതേ നിരക്കിലായിരുന്നു നെല്ലെടുപ്പ്. അന്ന് കേന്ദ്ര താങ്ങുവില 21.83 രൂപയും സംസ്ഥാന പ്രോത്സാഹന വിഹിതം 6.37 രൂപയായുമായിരുന്നു. 12 പൈസ കൈകാര്യച്ചെലവ് ഇനത്തിലും നൽകിയിരുന്നു.
ഇത്തവണയും സംഭരണവില കിലോയ്ക്ക് 28.32 രൂപ തുടരാനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ സംസ്ഥാന പ്രോത്സാഹന വിഹിതം 6.37ൽ നിന്ന് 5.20 രൂപയായി കുറയും.ഇതുവഴി വലിയൊരു തുക സംസ്ഥാന പ്രോത്സാഹന വിഹിതത്തിൽ നിന്നു കുറയ്ക്കാനാകുമെന്നാണു സർക്കാർ വിലയിരുത്തൽ. അതേ സമയം സംസ്ഥാന വിഹിതം കൂട്ടിയില്ലെങ്കിലും കേന്ദ്രവില വർധന അതേ പടി ലഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. അങ്ങനെയെങ്കിൽ കർഷകർക്ക് കിലോയ്ക്ക് 29.49 രൂപ ലഭിക്കും.വില വർധനയെന്ന ആവശ്യം തള്ളി നിലവിലെ സാഹചര്യത്തിൽ കേന്ദ്രവർധനയ്ക്ക് ആനുപാതികമായ തുക സംസ്ഥാനം സ്വന്തം പ്രോത്സാഹന വിഹിതത്തിൽ നിന്നു കുറച്ചേക്കുമെന്നാണു സൂചന. ഇത് കടുത്ത കർഷക പ്രതിഷേധത്തിനും ഇടയാക്കും.
2021–22 വർഷം മുതൽ കേരളം സ്വന്തം പ്രോത്സാഹന വിഹിതം വെട്ടിക്കുറച്ചു വരികയാണ്.
2021–22 വർഷത്തിൽ കിലോയ്ക്ക് 20 പൈസയാണു കുറച്ചത്. 2022–23 വർഷത്തിൽ കേരളം പ്രോത്സാഹന വിഹിതം 8.60 രൂപയിൽ നിന്ന് 7.80 രൂപയാക്കി കുറച്ചു.
2023–24 വർഷത്തിൽ പ്രോത്സാഹന വിഹിതം 7.80 രൂപയിൽ നിന്ന് 6.37 രൂപയാക്കി വീണ്ടും താഴ്ത്തി.ഓരോ വർഷത്തെയും കേരളത്തിന്റെ വെട്ടിക്കുറയ്ക്കൽ കാരണം കർഷകർക്കു കടുത്ത സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്.നെല്ലിന്റെ സംഭരണ വില പ്രഖ്യാപനത്തിൽ ധനകാര്യ വകുപ്പിന്റെ നിലപാടാണു നിർണായകം. കേരളത്തിൽ ഉയർന്ന തുക നൽകിയാണു നെല്ലെടുക്കുന്നതെന്നാണു ഔദ്യോഗിക വിശദീകരണം.