ഓണം കഴിഞ്ഞതോടെ റേഷൻ വിഹിതം വൻ തോതിൽ വെട്ടിക്കുറച്ച് ഭക്ഷ്യ വകുപ്പ്
Mail This Article
കാഞ്ഞിരപ്പുഴ ∙ ഓണം കഴിഞ്ഞതോടെ റേഷൻ വിഹിതം വൻ തോതിൽ വെട്ടിക്കുറച്ചു ഭക്ഷ്യ വകുപ്പ്. സെപ്റ്റംബറിൽ പൊതുവിഭാഗം വെള്ള കാർഡുകാർക്ക് അഞ്ച് കിലോ സാധാരണ വിഹിതത്തിനു പുറമേ അഞ്ച് കിലോ ഓണം സ്പെഷലും ചേർത്ത് 10 കിലോഗ്രാം അനുവദിച്ചിരുന്നു. ഓണം കഴിഞ്ഞതോടെ ഇതു രണ്ടു കിലോ അരി മാത്രമാക്കി. നീല കാർഡിന് ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം കിലോ ഗ്രാമിന് നാലു രൂപ നിരക്കിൽ നൽകിയതിനു പുറമേ അധിക വിഹിതമായി 10 കിലോഗ്രാം സ്പെഷലും അനുവദിച്ചിരുന്നു. ഇതിൽ അധിക വിഹിതമായ അരി നിർത്തലാക്കി.
ഓണത്തിനുള്ള സ്പെഷൽ അരി വിതരണം, കർശന നിർദേശത്തിന്റെ ഭാഗമായി വലിയ പോസ്റ്ററുൾ അടിച്ചു പ്രചാരണം നടത്തിയിരുന്നു. ഇത്തവണ വെള്ള കാർഡിനു കഴിയുന്നതും ഒരു ഇനത്തിലുള്ള അരിയും നീല കാർഡിനു പരമാവധി രണ്ട് ഇനത്തിലുള്ള അരി എന്ന രീതിയിൽ നൽകാനുമാണ് നിർദേശം. മുൻഗണനാ വിഭാഗത്തിൽ മാറ്റം വരുത്തിയിട്ടില്ല. വെള്ള കാർഡിനു രണ്ടു കിലോ അരി മാത്രമാക്കിയതിനാൽ എത്രത്തോളം പേർ വാങ്ങാൻ വരുമെന്നതിലും വ്യാപാരികൾക്ക് ആശങ്കയുണ്ട്.
റീട്ടെയിൽ റേഷൻ ഡീലേഴ്സ് പ്രതിഷേധിച്ചു
∙ മുൻഗണനേതര വിഭാഗക്കാരായ വെള്ള, നീല റേഷൻ കാർഡുകാർക്കു റേഷൻ വെട്ടിക്കുറച്ചതിൽ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മുൻഗണന ഇതര വിഭാഗക്കാരിലും ഏറ്റവും കുറഞ്ഞ വരുമാനക്കാരാണു കൂടുതലുള്ളതെന്നും അസോസിയേഷൻ പറഞ്ഞു. നീല കാർഡിന് അനുവദിച്ചിരുന്ന സ്പെഷൽ അരിയും, വെള്ള കാർഡിന് മിനിമം അനുവദിച്ചിരുന്ന അഞ്ച് കിലോ അരിയും പുനഃസ്ഥാപിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.അജിത്കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശിവദാസ് വേലിക്കാട്, എം.രാധാകൃഷ്ണൻ, കെ.ശിവദാസ്, വി.സുന്ദരൻ, സി.എച്ച്.റഷീദ്, എം.മഹേഷ്, വിഷ്ണുദേവൻ, കാസിം കണ്ണാടി, നാരായണൻ കുട്ടി, എ.ഹമീദ് എന്നിവർ പ്രസംഗിച്ചു.