വിഎഫ്‌പിസികെയുടെ പണം കാബ്കോയ്ക്കു നൽകാൻ നീക്കം; കർഷകർ ഹൈക്കോടതിയിലേക്ക്
Mail This Article
പാലക്കാട് ∙ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്‌പിസികെ) കരുതൽധനത്തിൽ നിന്ന് 20 കോടി രൂപ കേരള അഗ്രി ബിസിനസ് കമ്പനിക്ക് (കാബ്കോ) കെട്ടിടം നിർമിക്കാൻ കൈമാറാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കർഷകർ. വ്യാപകമായ എതിർപ്പിനൊടുവിൽ തീരുമാനം ഒഴിവാക്കുമെന്നു വിഎഫ്‌പിസികെ ചെയർമാൻ കൂടിയായ മന്ത്രി പി.പ്രസാദ് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അത്തരം നീക്കങ്ങൾ ഒഴിവാക്കാനാണ് കോടതിയെ സമീപിക്കുന്നതെന്നു കർഷകർ പറയുന്നു.
യൂറോപ്യൻ യൂണിയനിൽ നിന്നു വർഷങ്ങൾക്കു മുൻപു ലഭിച്ച തുക ഉൾപ്പെടെ സ്വരൂപിച്ചാണ് 2002ൽ വിഎഫ്പിസികെ റിവോൾവിങ് ഫണ്ട് ട്രസ്റ്റ് രൂപീകരിച്ചത്. നൂറുകോടിയിലേറെ രൂപ ട്രസ്റ്റിലുണ്ട്. ഈ തുക ഏതു തരത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നതു സംബന്ധിച്ചു കൃത്യമായ മാർഗരേഖകൾ ഉണ്ട്. ഈ തുകയുടെ പലിശയാണു വിഎഫ്‌പിസികെയുടെ നട്ടെല്ല്. എന്നാൽ കാബ്കോ അഗ്രി ടവർ നിർമിക്കുന്നതിനു തുക സ്വരൂപിക്കുന്നതിന്റെ ഭാഗമായി വിഎഫ്‌പിസികെയുടെ ബോർഡ് യോഗത്തിന്റെ അനുമതിക്കു വിധേയമായി 20 കോടി രൂപ കൈമാറാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കു ചെയർമാൻ അനുമതി നൽകി.
തുക കൈമാറുന്നതിനെതിരെ കഴിഞ്ഞദിവസം കൗൺസിലിന്റെ ജനറൽബോഡി യോഗത്തിൽ കർഷകർ പ്രതിഷേധമുയർത്തി. തുക കൈമാറുന്നതിനെതിരെ പാലക്കാട് എലവഞ്ചേരി സ്വദേശി ആർ.ശിവദാസ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങി. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി പി.പ്രസാദ് തുക കൈമാറുന്ന നടപടി തൽക്കാലം ഉണ്ടാകില്ലെന്ന് അറിയിച്ചു. ഇതു ചൂണ്ടിക്കാട്ടി പ്രമേയാവതരണം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തടഞ്ഞതോടെ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുക കൈമാറില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം വിശ്വസിക്കാനാവില്ലെന്നും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിൽ തുക പിടിച്ചെടുക്കാൻ നീക്കമുണ്ടാകുമെന്നും കർഷകർ പറയുന്നു.
കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി: അവസാന തീയതി ഇന്ന്; പോർട്ടൽ തകരാറിലായിട്ടു രണ്ടു ദിവസം
പാലക്കാട് ∙ വിളനാശം ഉണ്ടായാൽ കർഷകർക്കു നഷ്ടപരിഹാരം നൽകുന്ന കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഇന്ന്. അതേസമയം 2 ദിവസമായി പോർട്ടൽ പ്രവർത്തിക്കുന്നില്ല. ഇതിനാൽ നൂറുകണക്കിനു കർഷകർക്കു പദ്ധതിയിൽ ചേരാനായില്ല. രണ്ടാംവിള റാബി സീസണിലേക്കു വേണ്ടി പദ്ധതിയിൽ ചേരാനായി പോർട്ടൽ തുറന്നത് ഈ മാസം പതിമൂന്നിനാണ്.
എന്നാൽ ആദ്യദിവസങ്ങളിൽ പോർട്ടൽ തകരാറിലായിരുന്നു. തുടർന്ന് ശരിയായെങ്കിലും ഇടയ്ക്കിടെ തകരാർ പതിവായി. രണ്ടുദിവസമായി പൂർണമായും പ്രവർത്തനരഹിതമാണ്. പദ്ധതിയിൽ ചേരാനുള്ള തീയതി ദീർഘിപ്പിക്കണമെന്നാണ് ആവശ്യം. പദ്ധതിയിൽ ചേർന്നവർക്കു കൃത്യമായി നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. 2022 രണ്ടാം വിളയ്ക്കു ശേഷം നഷ്ടപരിഹാര വിതരണം നടന്നിട്ടില്ല. ആയിരക്കണക്കിനു കർഷകരാണു നഷ്ടപരിഹാരം കാത്തിരിക്കുന്നത്.