ജില്ലാ വനിതാ ശിശു ആശുപത്രി: നവീകരിച്ച ശുചിമുറികൾ തകരാറിനെത്തുടർന്നു പൂട്ടി
Mail This Article
പാലക്കാട് ∙ ജില്ലാ വനിതാ ശിശു ആശുപത്രിയിൽ ഈയിടെ നവീകരിച്ചു തുറന്നു നൽകിയ 22 ശുചിമുറികളിൽ ഒട്ടു മിക്കതും തകരാറിനെത്തുടർന്നു വീണ്ടും പൂട്ടിയിട്ടു. ചികിത്സ തേടി എത്തുന്ന ഗർഭിണികളും കുട്ടികളും ഉൾപ്പെടെ കടുത്ത ദുരിതത്തിൽ. ഇതേത്തുടർന്ന് ആശുപത്രി വികസന സമിതി അംഗങ്ങൾ സൂപ്രണ്ടിനു പരാതി നൽകി. മാലിന്യം പുറത്തേക്കൊഴുകൽ, മുകൾ നിലകളിലുള്ള ശുചിമുറിയിൽ നിന്നുള്ള വെള്ളം താഴത്തേക്കു കിനിഞ്ഞിറങ്ങൽ, സ്ഥാപിച്ച ഉപകരണങ്ങൾ തകർന്നു തുടങ്ങി തുടങ്ങിയ പരാതികളാണ് ഉയർന്നിട്ടുള്ളത്.
വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങിയതോടെ ഗർഭിണികളും കുട്ടികളും വഴുതി വീഴുമെന്ന ഭീതിയിലാണ്. അണുബാധാ ഭീഷണിയും ഉണ്ട്. നവീകരണത്തിന്റെ പേരിൽ മാസങ്ങളോളം അടച്ചിട്ട് ഈയിടെയാണു ശുചിമുറികൾ തുറന്നു നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
ഭൂരിഭാഗം ശുചിമുറികളും പൂട്ടിയതോടെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ രോഗികൾ കടുത്ത ബുദ്ധിമുട്ടിലാണ്. അശാസ്ത്രീയ നിർമാണമാണു ദുരിതത്തിനു കാരണമെന്നാണ് ആരോപണം. ആശുപത്രിയിൽ നേരത്തെത്തന്നെ ഇത്തരം പ്രശ്നങ്ങളുണ്ട്. കെട്ടിടത്തിന്റെ പാളികൾ അടർന്നു വീഴുന്നുണ്ട്. കെട്ടിടത്തിന് ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെത് ഗുരുതര വീഴ്ചയെന്നും ആരോപണം ഉണ്ട്.
ജില്ലയിൽ സർക്കാർ തലത്തിൽ മികച്ച ചികിത്സാ സൗകര്യം ഉള്ള ആശുപത്രി കൂടിയാണിത്. നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗം, കുഞ്ഞുങ്ങളിൽ തുടക്കത്തിൽ തന്നെ തകരാറുകൾ കണ്ടെത്താനുള്ള സംവിധാനം ഉൾപ്പെടെ ആശുപത്രിയിൽ ഉണ്ട്. മാസം 400–450 പ്രസവം വരെ ഇവിടെ നടക്കുന്നുണ്ട്. ശുചിമുറി നവീകരണത്തിലെ വീഴ്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതി അംഗങ്ങളായ പി.കെ.മാധവ വാരിയർ, ബോബൻ മാട്ടുമന്ത, എ.രമേഷ്, സുന്ദരൻ കാക്കത്തറ, പുത്തൂർ മണികണ്ഠൻ എന്നിവരാണു പരാതി നൽകിയത്.