എടിഎം കവർച്ച: വെടിയേറ്റ പ്രതിയുടെ കാൽ മുറിച്ചുമാറ്റി
Mail This Article
കോയമ്പത്തൂർ ∙ തൃശൂരിലെ എടിഎമ്മുകളിൽ കവർച്ച നടത്തി കടന്നുകളയുന്നതിനിടെ നാമക്കലിനു സമീപം തമിഴ്നാട് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതിയുടെ കാൽ മുറിച്ചുമാറ്റി. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഹസ്രുവിന്റെ (ഹസാർ അലി-26) വലതുകാലാണു മുട്ടിനുമുകളിൽ മുറിച്ചുമാറ്റിയതെന്നു ഡീൻ ഡോ.നിർമല അറിയിച്ചു. ഇന്നലെ വൈകിട്ടാണു ശസ്ത്രക്രിയ നടന്നത്.പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇരുകാലുകളിലും തറച്ച ബുള്ളറ്റുകൾ ഈറോഡ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു നീക്കംചെയ്തിരുന്നു. എങ്കിലും മുറിവിൽ നിന്നു രക്തം വാർന്നുപോകുന്നതു തുടർന്നതോടെയാണു വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റിയത്. വലതുകാലിന്റെ മുട്ടിൽ ബുള്ളറ്റ് തറച്ചു രക്തക്കുഴലുകൾക്കേറ്റ ക്ഷതം കാരണമാണു ജീവൻ രക്ഷിക്കാനായി കാൽ മുറിച്ചുമാറ്റേണ്ടി വന്നതെന്നു ഡോ. നിർമല പറഞ്ഞു. ഇടതുകാലിൽ ബുള്ളറ്റ് തറച്ച് എല്ല് തകർന്നതിനാൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.
നേതൃത്വം നൽകിയത് കൊല്ലപ്പെട്ട പ്രതി
∙ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട, കവർച്ചാ സംഘം സഞ്ചരിച്ചിരുന്ന കണ്ടെയ്നർ ലോറി ഓടിച്ചിരുന്ന ഹരിയാനയിലെ പാൽവാൽ ജില്ലയിലെ ജുമൈദീൻ ഹമീദ് (40) ആണു തൃശൂരിലെ എടിഎം കവർച്ചയ്ക്കു നേതൃത്വം നൽകിയതെന്നു നാമക്കൽ ജില്ലാ പൊലീസ് മേധാവി എസ്.രാജേഷ് കണ്ണൻ പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ 49 എസ്ബിഐ എടിഎമ്മുകളാണ് ഇതുവരെ തകർത്തു കവർച്ച നടത്തിയതെന്നും ഇത്തവണ സംഘത്തിലെ മറ്റുള്ളവർ പുതിയവരാണെന്നും അദ്ദേഹം പറഞ്ഞു.എടിഎം കവർച്ചയുടെ പിന്നിൽ പ്രവർത്തിക്കുന്ന മേവാത്ത് സംഘത്തെക്കുറിച്ചു തമിഴ്നാട് പൊലീസ് സംഘം ഹരിയാനയിലെത്തി വിവരശേഖരണം തുടങ്ങി.