റെയിൽവേ സ്റ്റേഷനിൽ സെൽഫി പോയിന്റ് ഒരുക്കി വിദ്യാർഥികൾ
Mail This Article
പട്ടാമ്പി ∙ റെയിൽവേ സ്റ്റേഷനിൽ സെൽഫി പോയിന്റ് ഒരുക്കി വല്ലപ്പുഴ വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറേ ഭാഗത്ത് പടർന്നു പിടിച്ചു നിന്നിരുന്ന വള്ളിപ്പടർപ്പുകളും ചെറുമരങ്ങളും വെട്ടി മാറ്റിയാണ് വല്ലപ്പുഴ എച്ച്എസ്എസിലെ എൻഎസ്എസ് വൊളന്റിയർമാർ സെൽഫി പോയിന്റ് ഒരുക്കിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നിളാ നദിയുടെ കാഴ്ച കൂടി ലഭിക്കുന്ന മനോഹരമായ സെൽഫി ഇവിടെനിന്നെടുക്കാം.റെയിൽവേ സ്റ്റേഷൻ പരിസരത്തെ പൊന്തക്കാടുകളും മരച്ചില്ലകളുമെല്ലാം വെട്ടി മാറ്റിയതോടെ മനോഹരമായ പുഴക്കാഴ്ചയും സ്റ്റേഷനിൽ വരുന്നവർക്ക് ആസ്വദിക്കാനാവും.
ഒപ്പം സെൽഫിയുമെടുക്കാം. സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നവർക്ക് മാത്രമല്ല, കാട് വെട്ടിത്തെളിച്ചതോടെ സ്റ്റേഷനിലൂടെ കടന്നുപോകുന്ന തീവണ്ടിയിലുള്ളവർക്കും ഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാം. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ രണ്ടാഴ്ചയായി നീണ്ടു നിന്ന ശുചിത്വ യജ്ഞത്തിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനും പരിസരവും ജനപങ്കാളിത്തത്തോടെ ശുചീകരിച്ചത്.