സിഗ്നൽ ലഭിച്ചില്ല; ചെന്നൈ എക്സ്പ്രസ് ട്രെയിൻ അരമണിക്കൂർ പിടിച്ചിട്ടു
Mail This Article
കൊല്ലങ്കോട് ∙ റെയിൽ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്നു ചെന്നൈ എക്സ്പ്രസ് ട്രെയിൻ കൊല്ലങ്കോട് സ്റ്റേഷനിൽ അര മണിക്കൂറോളം പിടിച്ചിട്ടു. ഇന്നലെ രാവിലെ 8.22നു കൊല്ലങ്കോട് സ്റ്റേഷൻ വിടേണ്ടിയിരുന്ന ട്രെയിൻ 8.45 കഴിഞ്ഞാണു കൊല്ലങ്കോട് വിട്ടത്. ചെന്നൈയിൽ നിന്നു പാലക്കാട്ടേക്കു വരുന്ന ട്രെയിനിനു സിഗ്നൽ ലഭിക്കാത്ത സാഹചര്യത്തിൽ ഊട്ടറ ലവൽ ക്രോസ് അടച്ചിടേണ്ടി വന്നു.
ഇതിനാൽ കൊല്ലങ്കോട് നിന്നു പാലക്കാട്ടേക്കും ചിറ്റൂരിലേക്കും ജോലി ആവശ്യത്തിനു പോകുന്നവരും സ്കൂൾ കോളജ് വിദ്യാർഥികളും അടക്കമുള്ളവർ വെട്ടിലായി. രാവിലെ ഏറെ ഗതാഗതത്തിരക്കുള്ള കൊല്ലങ്കോട്-പുതുനഗരം പ്രധാന പാതയിലാണ് ഊട്ടറ റെയിൽവേ ഗേറ്റ്. അര മണിക്കൂറോളം അടച്ചിട്ടതു വലിയ ഗതാഗതക്കുരുക്കിനു കാരണമായി. ഗേറ്റിന് ഇരുവശത്തുമായി വാഹനങ്ങളുടെ നീണ്ട നിരയാണു രൂപപ്പെട്ടത്. ഊട്ടറയിൽ റെയിൽവേ മേൽപാലമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.