നെല്ലെടുപ്പിലെ ലോഡിങ് പോയിന്റ്; പ്രധാനമന്ത്രിക്കു കത്തെഴുതാൻ കർഷകർ
Mail This Article
പാലക്കാട് ∙ നെല്ലെടുപ്പിലെ ലോഡിങ് പോയിന്റ് നിർദേശം ജില്ലയിലെ സാഹചര്യത്തിൽ അപ്രായോഗികമെന്നും ഇതു പിൻവലിച്ചു നിലവിലെ രീതി തുടരണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും നിവേദനം നൽകാൻ കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനം.രണ്ടാംവിള നെല്ലെടുപ്പു മുതൽ ലോഡിങ് പോയിന്റ് നിർദേശം കർശനമാക്കുന്ന സാഹചര്യത്തിലാണു കർഷകരുടെ നടപടി. ഒപ്പം തൊഴിലുറപ്പു പദ്ധതിയിൽ ജലസേചന കനാലിലെ തടസ്സം നീക്കൽ പാടില്ലെന്ന നിബന്ധന ഒഴിവാക്കണമെന്നും ആവശ്യപ്പെടും.
എല്ലാ വർഷവും ആവർത്തിക്കുന്ന പ്രവൃത്തി എന്ന നിലയിലാണ് കനാൽ ശുചീകരണത്തെ തൊഴിലുറപ്പു പദ്ധതിയിൽ നിന്നൊഴിവാക്കിയത്.ജില്ലയിൽ രണ്ടാംവിള പൂർണമായും ഡാമുകളിൽ നിന്നുള്ള ജലസേചനത്തെ ആശ്രയിച്ചാണ്. ഈ സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ ശുചീകരണത്തിനു പ്രത്യേകാനുമതി നൽകണമെന്നാണ് ആവശ്യം.വന്യമൃഗശല്യം നിയന്ത്രിക്കാൻ ഫലപ്രദ ഇടപെടലും ആവശ്യപ്പെടും.
നെല്ലിന്റെ താങ്ങുവില 35 രൂപയാക്കുക, നെല്ലു സംഭരണം തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.ചെയർമാൻ കെ.എ.വേണുഗോപാൽ അധ്യക്ഷനായി. വൈസ് ചെയർമാൻമാരായ പി.ആർ.കരുണാകരൻ, ഐ.സി.ബോസ്, കൺവീനർ എം.സി.മുരളീധരൻ, ജോയിന്റ് കൺവീനർ സജീഷ് കുത്തനൂർ, കെ.സി.അശോകൻ കണ്ണാടി, പി.വി.സുരേഷ്കുമാർ, കെ.ശ്രീനിവാസൻ പെരിങ്ങോട്ടുകുറിശ്ശി, കെ.ഉണ്ണിക്കൃഷ്ണൻ മാത്തൂർ, എ.കെ.വിജയൻ, എം.ആർ.വിജയശങ്കർ കോട്ടായി എന്നിവർ പ്രസംഗിച്ചു.