മനോരമയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
Mail This Article
പാലക്കാട്∙ മലയാള മനോരമ പാലക്കാട് യൂണിറ്റിൽ നടന്ന വിദ്യാരംഭത്തിൽ 6 ജോടി ഇരട്ടകൾ ഉൾപ്പെടെ 396 കുട്ടികൾ ആദ്യാക്ഷരം എഴുതി. തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ, സാഹിത്യ നിരൂപകൻ ആഷാ മേനോൻ, ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ.കെ.ജി.രവീന്ദ്രൻ, സംസ്ഥാന ഹയർ സെക്കൻഡറി ബോർഡ് മുൻ ഡയറക്ടർ പ്രഫ.സി.പി.ചിത്ര, സാഹിത്യകാരൻ ടി.കെ.ശങ്കരനാരായണൻ, എൽഐസി മുൻ മാനേജിങ് ഡയറക്ടർ ടി.സി.സുശീൽ കുമാർ എന്നിവരായിരുന്നു ഗുരുക്കന്മാർ. ഗുരുക്കന്മാർ ചേർന്നു വിളക്കു തെളിയിച്ചതോടെയാണു വിദ്യാരംഭത്തിനു തുടക്കമായത്.
രാവിലെ പെയ്ത മഴയെ അവഗണിച്ചും പുലർച്ചെ മുതൽ കുട്ടികളുമായി മാതാപിതാക്കൾ മനോരമയിലേക്ക് എത്തി. പുത്തനുടുപ്പണിഞ്ഞെത്തിയ കുരുന്നുകൾ ഓരോരുത്തരായി രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ഒപ്പം ഗുരുക്കന്മാരുടെ അടുത്തേക്ക്. തളികയിലെ അരിയിൽ ആദ്യാക്ഷരം എഴുതിത്തുടങ്ങിയപ്പോൾ കുഞ്ഞുമുഖങ്ങളിൽ കൗതുകം, ചിലർക്കു പരിഭവം. എല്ലാവർക്കും അക്ഷരമധുരത്തോടൊപ്പം മിഠായിമധുരവും സമ്മാനിച്ച് ഗുരുക്കന്മാരുടെ അനുഗ്രഹം.
കുട്ടികൾക്കെല്ലാം സമ്മാനങ്ങളും ഒരുക്കിയിരുന്നു. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രമുള്ള ബാഗുകൾ കിട്ടിയതോടെ കുരുന്നുകൾ ‘ഡബിൾ ഹാപ്പിയായി’. മനോരമ പ്രസിദ്ധീകരണങ്ങളായ കളിക്കുടുക്ക, മാജിക് പോട്ട് എന്നിവയും കുട്ടികൾക്കു സമ്മാനിച്ചു. ഫോട്ടോ എടുക്കാൻ ഫോട്ടോ പോയിന്റും ഒരുക്കിയിരുന്നു.
ഗുരുസ്ഥാനത്ത് 67 പേർ
വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭച്ചടങ്ങുകളിൽ നാലായിരത്തോളം കുരുന്നുകൾ ആദ്യാക്ഷരമെഴുതി. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്തു ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലുമായിരുന്നു ചടങ്ങ്. സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 67 പേരാണ് എഴുത്തിനിരുത്തിയത്. അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണു കുട്ടികൾ മടങ്ങിയത്. വിവിധ യൂണിറ്റുകളിലായി 76 ജോടി ഇരട്ടകളും കൊല്ലത്ത് ഒരു പ്രസവത്തിലെ 3 പേരും ആദ്യാക്ഷരമെഴുതി.