ADVERTISEMENT

കോയമ്പത്തൂർ∙ സംസ്ഥാനത്തു തന്നെ ആദ്യമായി വൈദ്യുതി ഉൽപാദനത്തിൽ വേറിട്ട രീതിയിൽ പരീക്ഷണവുമായി കോയമ്പത്തൂർ കോർപറേഷൻ. നഗരത്തിനോടു ചേർന്നു കിടക്കുന്ന ഉക്കടം കുളത്തിൽ ഫ്ലോട്ടിങ് സോളർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം. ദിവസേന 154 കിലോ വാട്ട് (693 യൂണിറ്റ് ) വൈദ്യുതി ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിന് (ടാൻജെഡ്കോ) കൈമാറുമെന്ന് പദ്ധതി വിശദീകരിച്ച് കോർപറേഷൻ കമ്മിഷണർ എം.ശിവഗുരു പ്രഭാകരൻ പറഞ്ഞു. സൗത്ത് ഏഷ്യയിലെ സന്നദ്ധ സംഘടനയായ ഐസിഎൽഇഐയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 1.45 കോടി രൂപയുടെ പദ്ധതിയിൽ സംസ്ഥാന സർക്കാരിനും 50% പങ്കാളിത്തമുണ്ട്. കുളത്തിലെ 50 സെന്റ് സ്ഥലത്തിൽ 280 സോളർ പാനലുകൾ ഒന്നിച്ച്  പൊങ്ങിക്കിടക്കുന്ന വിധമാണ് പരസ്പരം ഘടിപ്പിച്ചിരിക്കുന്നത്.

കുളത്തിന് താഴെ ഓരോ പാനലും നങ്കൂരമിട്ടാണ് ചങ്ങലകൾ കൊണ്ട്  ബന്ധിപ്പിച്ചിരിക്കുന്നത്. കുളത്തിൽ വെള്ളം ഉയർന്നാലും അതനുസരിച്ച് പൊങ്ങിക്കിടക്കും വിധം ബെഡുകളും ഉണ്ടായിരിക്കും. നിലവിൽ 60% ജോലികൾ പൂർത്തിയായെന്നും കുളക്കരയിൽ ട്രാൻസ്ഫോർമർ, ഇൻവർട്ടറുകൾ എന്നിവ സ്ഥാപിക്കുന്ന ജോലി പൂർത്തിയാകാൻ  രണ്ടുമാസമെങ്കിലും ആകുമെന്നും കമ്മിഷണർ പറഞ്ഞു.  നഗരത്തിലേക്ക് അനുവദിച്ച മൂന്ന് സോളർ പവർ പ്ലാന്റുകളിൽ ബാക്കിയുള്ള രണ്ടെണ്ണം കവുണ്ടംപാളയത്ത് നിർമിക്കും. ഇതോടെ നഗരത്തിന് ലഭിക്കുന്ന മൊത്തം വൈദ്യുതി കപ്പാസിറ്റി 5.6 മെഗാവാട്ടായി വർധിക്കും.

ടാൻജെഡ്കോ വാങ്ങുന്ന വൈദ്യുതിക്ക് അനുസൃതമായി കോർപറേഷൻ അടയ്ക്കേണ്ട തുകയിൽ കുറവ് വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. സോളർ പാനൽ സുരക്ഷയ്ക്കായി സിസിടിവികളും കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.  330 ഏക്കർ ചുറ്റളവുള്ള കുളത്തിൽ 50 സെന്റ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ കുളത്തിലെ മീനുകൾ അടക്കമുള്ള ജീവജാലങ്ങളെ ബാധിക്കില്ല. പഠനത്തിന് ശേഷമാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ബയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ ഇത്തരം പദ്ധതികൾക്ക് മുൻപും ശേഷവും തണ്ണീർത്തടങ്ങളിലെ ജീവജാലങ്ങൾക്ക് ഏൽക്കുന്ന ആഘാതത്തെക്കുറിച്ച്  ദീർഘകാലപഠനം ആവശ്യമാണെന്ന് പറയുന്നു. 

അക്വാട്ടിക് ഇക്കോ സിസ്റ്റത്തിന് മാറ്റങ്ങൾ ഉണ്ടാകാനും നിലവിൽ ജലാശയത്തിൽ അനുഭവപ്പെടുന്ന ഊഷ്മാവിന് മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് വെറ്റ്ലാൻഡ് ഇന്റർനാഷനൽ സൗത്ത് ഏഷ്യ മേധാവി ഡോ. റിഥേഷ് കുമാർ പദ്ധതിക്ക് പ്രതികൂലമായ മറുപടിയാണ് പറഞ്ഞത്. ഇന്ത്യയിൽ സബർമതി നദിയിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ഫ്ലോട്ടിങ് സോളർ പാനൽ ഈ വർഷമാണ്  സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് പവർ പ്ലാന്റ് സ്ഥിതിചെയ്യുന്ന മധ്യപ്രദേശിലെ ഓംകാരേശ്വരർ അണക്കെട്ടിൽ നിന്നു 600 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.

English Summary:

Coimbatore Corporation is making waves in renewable energy by implementing a pioneering floating solar panel project on Ukkadam Lake. This initiative aims to generate 154 kilowatts of electricity daily, contributing to a greener Coimbatore. However, experts are raising concerns about the long-term ecological impact on the lake's ecosystem.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com