തിരുപ്പൂരിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പ്: 3 പേരെ അറസ്റ്റ് ചെയ്‌തു
Mail This Article
തിരുപ്പൂർ∙ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ 3 പേരെ സിറ്റി പൊലീസ് അറസ്‌റ്റ് ചെയ്‌തു. വാട്സാപ് വഴി ഗൂഗിൾ മാപ് റിവ്യു ജോലിയിൽ മുതൽ മുടക്കി ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭം ലഭിച്ചതിനെ തുടർന്ന് വീണ്ടും 5 ലക്ഷം രൂപ നിക്ഷേപം നടത്തിയതായും എന്നാൽ ലാഭമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചില്ലെന്നും കാണിച്ചു തിരുപ്പൂർ സ്വദേശി സിറ്റി പൊലീസ് സൈബർ ക്രൈം വിഭാഗത്തിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്റ്റ്.
സൈബർ ക്രൈം ഇൻസ്‌പെക്ടർ സ്വർണവല്ലിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ എറണാംകുളത്തു വച്ച് പ്രതികളായ സിദ്ധിഖുൾ അക്‌ബർ (21), മിഥുൻ മോഹൻ (27), ഉമർ ജമാൽ (27) എന്നിവരെ അറസ്‌റ്റ് ചെയ്‌തു. ടെലിഗ്രാം, വാട്സാപ് എന്നിവ വഴി ഷെയർ മാർക്കറ്റിലും ടാസ്‌ക്കുകൾ വഴിയും ഫോറെക്സ് ആൻഡ് ക്രിപ്റ്റോ ട്രേഡിങ്ങ് , കാറ്റലിസ്റ്റ് ക്യാപിറ്റലിക്‌സ് എന്നീ പേരുകളിൽ ട്രേഡിങ് വെബ്‌സൈറ്റുകൾ നിർമിച്ചും ചുരുങ്ങിയ കാലാവധിയിൽ വലിയ തുക തിരികെ വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള തട്ടിപ്പു സംഘങ്ങളുടെ വലയിൽ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്.ലക്ഷ്‌മി പറഞ്ഞു.