ഓരോ വോട്ടും ഉറപ്പിക്കാൻ ഓടിനടന്നു രാഹുൽ; ഒപ്പം ഷാഫി പറമ്പിലും
Mail This Article
പാലക്കാട് ∙ ഓരോ വോട്ടും ഉറപ്പിക്കാൻ പാലക്കാട് മണ്ഡലത്തിൽ ഓടിനടന്നു വോട്ടു തേടുകയാണു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാർ ഓഫിസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, കടകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി എല്ലായിടത്തും എത്തി വോട്ട് അഭ്യർഥിക്കുകയാണു രാഹുൽ. ചൊവ്വാഴ്ച രാത്രി കല്ലടിക്കോട് വാഹനാപകടത്തിൽ 5 പേരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിൽ ഇന്നലെ ഉച്ചവരെ പര്യടനം റദ്ദാക്കിയിരുന്നു.
ഉച്ചയ്ക്കു ശേഷം ഡിസിസി ഓഫിസിൽ നടന്ന ലോയേഴ്സ് കോൺഗ്രസ് യോഗത്തിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനൊപ്പം വേദി പങ്കിട്ടു. പാലക്കാട് നഗരസഭയിലെ ജീവനക്കാരോടും അവിടെ ഉണ്ടായിരുന്നവരോടും പിന്തുണ തേടി. മുല്ലപ്പെരിയാർ വിഷയത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈഎംസിഎ നടത്തിയ പ്രചാരണ ജാഥയിൽ പങ്കെടുത്തു പ്രസംഗിച്ചു. തുടർന്ന് ശകുന്തള ജംക്‌ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർഥിച്ചു.
വൈകിട്ട് കണ്ണാടി പഞ്ചായത്തിൽ നടന്ന യുഡിഎഫ് മണ്ഡലം കൺവൻഷനിൽ പങ്കെടുത്തു. പി.വി.അൻവറിന്റെ പിന്തുണ സ്വാഗതാർഹമെന്നു രാഹുൽ പറഞ്ഞു. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കോൺഗ്രസും യുഡിഎഫും വർഷങ്ങളായി വെളിപ്പെടുത്തുന്ന വിഷയങ്ങളാണ് പി.വി.അൻവറും പറഞ്ഞിട്ടുള്ളത്. തന്റെ സ്ഥാനാർഥിത്വം പോലും സർക്കാരിന് അസ്വസ്ഥതയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. ഷാഫി പറമ്പിൽ എംപിയും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.