വടക്കഞ്ചേരി ബൈപാസ് റോഡ് ജംക്‌ഷനിൽ പാതാളക്കുഴികള്‍; അപകടങ്ങള്‍ തുടര്‍ക്കഥ
Mail This Article
വടക്കഞ്ചേരി∙ ലക്ഷങ്ങൾ മുടക്കി നാല് തവണ അറ്റകുറ്റ പണികൾ നടത്തിയിട്ടും പണിതീരാതെ വടക്കഞ്ചേരി ടൗൺ ബസാർ റോഡ്. മംഗലംപാലം മുതൽ വടക്കഞ്ചേരി തങ്കം ജംക്‌ഷൻ വരെയുള്ള റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയെന്ന് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പറയുമ്പോഴും ദേശീയപാതയിൽ നിന്ന് ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലം തകർന്നുതന്നെ കിടക്കുകയാണ്. പാതാളക്കുഴികള്‍ രൂപപ്പെട്ടിട്ടും ഇത് നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
ഒരാഴ്ചക്കിടെ കുഴിയില്‍ പെട്ട് മറിഞ്ഞ് 3 ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു. റോഡിന്റെ തകര്‍ച്ച മൂലം കെഎസ്ആര്‍ടിസി ബസ് വെട്ടിച്ച് പോകുമ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ബസ് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് കഴിഞ്ഞ വര്‍ഷമാണ്. തലയറ്റ് പോയാണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചത്. 15 ലക്ഷം രൂപയുടെ അറ്റകുറ്റ പണികളാണ് അവസാനമായി ഇവിടെ നടത്തിയത്. ഇതിനുമുന്‍പ് മൂന്ന്തവണ റോഡിന്റെ അറ്റകുറ്റപണികൾ നടത്തിയിരുന്നു. കോടികൾ ചെലവിട്ട് നിർമിച്ച ബസാർ റോഡ് നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ തകർന്നിരുന്നു.
തുടർന്ന് യൂത്ത് കോൺഗ്രസും സിപിഐ യും വ്യാപാരികളും റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തി. റോഡ് നിർമാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതിയും നൽകി. ഇതിനിടെ കരാറുകാരൻ തന്നെ റോഡ് അറ്റകുറ്റപണി നടത്തി. എന്നാൽ ഇതും തകർന്നതോടെ ജനരോഷം ശക്തമായി. തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് നന്നാക്കുകയായിരുന്നു. എന്നാലിപ്പോള്‍ തകര്‍ന്ന ഭാഗം നന്നാക്കാന്‍ ആരുമില്ല.
മംഗലംപാലത്ത് ബൈപാസ് റോഡ് ജംക്‌ഷനിൽ സിഗ്നൽ സംവിധാനങ്ങൾ അടിയന്തിരമായി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇവിടെ സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് കുഴികള്‍ അടക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. ഏറെ തിരക്കുള്ള ബൈപാസ് റോഡ് അവസാനിക്കുന്ന തങ്കം ജംക്‌ഷനിൽ ഇരുവശത്തേക്കും വാഹനങ്ങൾ വന്ന് ടൗണിലേക്ക് തിരിയുമ്പോഴും അപകടമുണ്ടാകുന്നു.മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും ഇവിടെ വെച്ചിട്ടില്ല. ഗതാഗതം നിയന്ത്രിക്കാനും ആരുമില്ലാത്ത അവസ്ഥയാണുള്ളത്.