കനത്ത മഴ: നെൽച്ചെടികൾ വീണു നശിക്കുന്നു; കർഷകർ ആശങ്കയിൽ
Mail This Article
പുതുശ്ശേരി ∙ കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ചെത്തിയ ശക്തമായ തുലാം മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ ഹെക്ടർ കണക്കിനു കൃഷിനാശം. പുതുശ്ശേരി, കൊടുമ്പ്, വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകളിലും ചിറ്റൂർ മേഖലയിലുമായി 200 ഹെക്ടറിലേറെ നെൽക്കൃഷിയാണു മഴയിൽ വീണു നശിച്ചത്. കൊയ്ത്തിനു പാകമായ നെൽച്ചെടികൾ മഴയെ തുടർന്നു വ്യാപകമായി വീണു നശിക്കുകയാണ്. മഴ തുടരെ പെയ്തതിനാൽ വീണ നെൽവിത്തുകൾ പാടത്തു തന്നെ മുളച്ചുപൊന്തിയ നിലയിലാണ്. ഓലകരിച്ചിലിൽ ഒട്ടേറെ കർഷകരുടെ കൃഷി നശിച്ചിരുന്നു. ഇതിനു പിന്നാലെ മഴ കൂടി ശക്തമായതോടെ ശേഷിച്ചവയും നശിച്ചെന്നാണു കർഷകർ പറയുന്നത്. പലരും വായ്പയെടുത്തും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് ഒന്നാംവിള കൃഷിയിറക്കിയത്. എന്നാൽ സംഭരണ നടപടികൾ വൈകുന്നതു കർഷകരെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.
കൊയ്തെടുത്താലും നഷ്ടം ഇരട്ടി
∙മഴ ഇനിയും തുടർന്നാൽ കൊയ്തെടുക്കാൻ നെല്ലു കിട്ടില്ലെന്ന് കർഷകർ പറയുന്നു. പുതുശ്ശേരി കൊളയക്കോട് പാടശേഖരത്തിലെ ഉണ്ണിക്കൃഷ്ണൻ വലിയ നഷ്ടം സഹിച്ച് മഴയിൽ വീണ നെൽപ്പാടങ്ങളിൽ കൊയ്ത്തു നടത്തിയിരുന്നു. ഒരേക്കറിൽ ആകെ കിട്ടിയത് 1,000 കിലോ നെല്ലു മാത്രമാണ്. മുൻപ് 2200 കിലോ വരെ ലഭിക്കുന്ന ഇടത്താണ് ഈ നഷ്ടം. പല കർഷകരും സമാനമായ അവസ്ഥയിലാണ്. പുതുശ്ശേരി കൃഷിഭവൻ നഷ്ട പരിഹാരത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് അറിയിക്കുന്നത്. മഴയെ പേടിച്ച് പലയിടത്തും കൊയ്ത്ത് വേഗത്തിലാക്കുന്നുണ്ടെങ്കിലും ഇവ സംഭരിക്കാൻ വൈകിയാൽ കർഷകർ വീണ്ടും പ്രതിസന്ധിയിലാകും.
കൊയ്ത്ത് യന്ത്രങ്ങൾ ആന്ധ്രയിലേക്ക്; പാലക്കാട്ട് പ്രതിസന്ധി
പാലക്കാട് ∙ മഴയും കൊയ്ത്തു യന്ത്രങ്ങളുടെ ക്ഷാമവും കാരണം നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ നിന്നെത്തിച്ച കൊയ്ത്തു യന്ത്രങ്ങൾ ആന്ധ്രയിലെ കൊയ്ത്തു മുൻകൂട്ടി കണ്ട് തിരിച്ചു കൊണ്ടുപോയതാണു പാലക്കാട്ടെ കർഷകർക്കു തിരിച്ചടിയായത്. ദീപാവലിക്കു നാട്ടിൽ പോകുന്നെന്നു പറഞ്ഞാണ് കൊയ്ത്തു യന്ത്രങ്ങൾ ബന്ധപ്പെട്ടവർ തിരികെ കൊണ്ടുപോയതെന്നു കർഷകർ പറയുന്നു. തുടർച്ചയായ മഴ കാരണം ബെൽറ്റിൽ പ്രവർത്തിക്കുന്ന കൊയ്ത്തു യന്ത്രങ്ങൾ മാത്രമേ പാടത്ത് ഇറക്കാനാകുന്നുള്ളൂ.
ഇതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിനിടെ ചിലയിടങ്ങളിൽ കൊയ്ത്തുയന്ത്ര വാടക ആവശ്യക്കാർ കൂട്ടുന്നതായും പരാതി ഉയരുന്നുണ്ട്. പാടത്തു വെള്ളം കാരണം ഒരു ഏക്കർ പാടം കൊയ്യാൻ ഒരു മണിക്കൂറിലേറെ സമയം വേണ്ടിവരുന്നതും കർഷകർക്ക് അധികച്ചെലവ് ഉണ്ടാക്കുന്നു. മഴ തുടർന്നാൽ വീണ്ടും കൊയ്ത്തു വൈകി നെൽച്ചെടികൾ പാടേ വീഴുന്ന സ്ഥിതിയുണ്ടാകും. പാലക്കാട്ട് എത്തിച്ച യന്ത്രങ്ങൾ കൊയ്ത്തിന്റെ അത്യാവശ്യം കഴിഞ്ഞു മാത്രമേ കൊണ്ടുപോകാൻ അനുവദിക്കാവൂ എന്നാണു കർഷകരുടെ ആവശ്യം.
സംഭരണം വേഗത്തിലാക്കണം
സപ്ലൈകോ നെല്ലു സംഭരണം വേഗത്തിലാക്കണമെന്നു കർഷകർ. മഴ വീണ്ടും കനത്തു തുടങ്ങിയതോടെ കൊയ്ത്തിനൊപ്പം നെല്ല് ഉണക്കിയെടുക്കുന്നതും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ പലയിടത്തും നെല്ലു നനഞ്ഞു. ഒരിക്കൽ നനഞ്ഞാൽ രണ്ടും മൂന്നും ദിവസം അധികം ഉണക്കണം. ഇതിനുള്ള അധികച്ചെലവും കൃഷിക്കാർ കണ്ടെത്തണം.
നെല്ലിൽ ഈർപ്പാംശത്തിന്റെ അളവു പറഞ്ഞു കർഷകരെ പ്രതിസന്ധിയിലാക്കുന്നതു തടയാനും സപ്ലൈകോ യഥാസമയം ഇടപെടണമെന്നു പാടശേഖര സമിതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ലെടുപ്പു പുരോഗതിയിലാണെന്നും നടപടികൾ പൂർത്തിയാക്കി പരാമവധി വേഗത്തിൽ സംഭരണം ഉറപ്പാക്കുമെന്നും സപ്ലൈകോ അറിയിച്ചു.
നെല്ലു സംഭരണം വൈകുന്നു; കോട്ടായി മേഖലയിൽ ദുരിതം
കോട്ടായി ∙ മേഖലയിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേനയുള്ള നെല്ലു സംഭരണം തുടങ്ങാത്തത് കർഷകർക്കു വലിയ തിരിച്ചടിയാകുന്നു. കൊയ്ത നെല്ല് സൂക്ഷിക്കാൻ കഴിയാത്തതാണ് വലിയ പ്രതിസന്ധി. നനഞ്ഞ നെല്ല് മഴ കാരണം ഉണക്കി സൂക്ഷിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ സ്വകാര്യ മില്ലുകാർക്ക് കിലോഗ്രാമിനു 19 രൂപയ്ക്കാണ് അളക്കുന്നത്. സർക്കാർ നെല്ല് സംഭരണം വൈകുന്നതനുസരിച്ച് കർഷകർക്ക് വലിയ നഷ്ടമാണു സംഭവിക്കുക.
പാടശേഖരങ്ങളിൽ അൻപത് ശതമാനം കൊയ്ത്ത് കഴിഞ്ഞെങ്കിൽ മാത്രമേ നെല്ല് സംഭരിക്കാൻ കഴിയൂ എന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. മഴ ഇല്ലാത്ത സമയങ്ങളിൽ നെല്ല് ഉണക്കി ചാക്കിൽ നിറച്ചാലും സൂക്ഷിക്കാൻ സൗകര്യം ഇല്ലാത്ത കർഷകരാണ് അധികവും. ഉണക്കിയ നെല്ല് നനഞ്ഞ് വീണ്ടും ഉണക്കേണ്ടതായി വരുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. ആവശ്യത്തിന് കൊയ്ത്ത് യന്ത്രം ലഭിച്ചാൽ 10 ദിവസത്തിനകം കൊയ്ത്ത് പൂർത്തിയാകുമെന്നാണു കർഷകർ പറയുന്നത്. നെല്ലു സംഭരണം ഉടൻ ആരംഭിക്കണമെന്ന് പാടശേഖരങ്ങൾ ആവശ്യപ്പെട്ടു.