23 കിലോ കഞ്ചാവ് ചോക്ലേറ്റുമായി കഞ്ചിക്കോട് സ്വദേശിയെ പിടികൂടി
Mail This Article
കോയമ്പത്തൂർ ∙ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്ന ലഹരി മരുന്ന് കലർന്ന ചോക്ലേറ്റുമായി കഞ്ചിക്കോട് സ്വദേശിയെ പിടികൂടി. വാളയാർ അതിർത്തിയിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ പിടിയിലായ കഞ്ചിക്കോട്ടെ വ്യാപാരിയായ ആർ.രമേഷ് കുമാർ സോർസിയ (45) ആണ് മധുക്കര പൊലീസിന്റെ പിടിയിലായത്. ബീഹാറിൽ നിന്നുമെത്തി 30 വർഷമായി കഞ്ചിക്കോട് കച്ചവടം നടത്തുകയാണ്.
മധുക്കര പൊലീസ് ലിമിറ്റിൽ കഞ്ചാവ് ചോക്ലേറ്റുമായി പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് രമേഷ് കുമാറാണ് വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയത്. ഇയാളെ ലഹരി മിഠായി ആവശ്യപ്പെട്ട് പൊലീസ് രഹസ്യമായി വിളിച്ചുവരുത്തുകയായിരുന്നു. വാഹനം പിടിച്ചെടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ കഞ്ചാവ് ചോക്ലേറ്റ്, ഒരു കിലോ കഞ്ചാവ്, ഒരു ഗ്രാം മെത്താഫെറ്റാമിൻ എന്നിവയുമായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കുനിയമുത്തൂർ സ്വദേശികളായ വിശാഖൻ (23), സനാഫർ (28), ദിണ്ടുക്കൽ പ്രതീഷ് (21), ഈറോഡ് കീർത്തി രാജ (21), ചെന്നൈ അശ്വിൻ ലോഗേഷ് (24) എന്നിവരെയാണ് മധുക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് റോഡ്, മൈൽക്കൽ അറിവൊളി നഗറിൽ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. ലഹരി മരുന്നുകൾ, വാഹനവും പിടിച്ചെടുത്തശേഷം കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.