പ്രചാരണം ഉൗർജിതമാക്കി സി.കൃഷ്ണകുമാർ
Mail This Article
പാലക്കാട് ∙ രാവിലെ ചക്കാന്തറ സെന്റ് റാഫേൽ പള്ളി സന്ദർശിച്ചാണ് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണ കുമാറിന്റെ തിരഞ്ഞെടുപ്പു പര്യടനം ആരംഭിച്ചത്. വിശ്വാസികളോട് പിന്തുണ തേടിയ സ്ഥാനാർഥി തുടർന്ന് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് പള്ളി സന്ദർശിച്ച് വികാരി ജനറൽ ഫാ. മരിയ ജോസഫുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് യാക്കര സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെത്തിയ കൃഷ്ണകുമാർ കഞ്ഞി നേർച്ചയിലും പങ്കെടുത്താണു മടങ്ങിയത്. ശേഷം സിഎസ്ഐ ഹോളി ട്രിനിറ്റി ഇംഗ്ലിഷ് ചർച്ചും സന്ദർശിച്ചു. ഉച്ചയോടെ നഗരസഭയിലെ വിവിധ സ്ഥലങ്ങളിലെ വീടുകളിലെത്തി വോട്ട് അഭ്യർഥിച്ചു.
മൂത്താന്തറ കണ്ണകിയമ്മൻ കോവിലിലും സ്ഥാനാർഥിയെത്തി. പ്രാർഥനയ്ക്കു ശേഷം ഭാരവാഹികളുമായി സംസാരിച്ചു. പിന്നീട് കണ്ണകി ഉപനഗരം, ഗാന്ധിനഗർ, പിരായിരി അഞ്ജലി ഗാർഡൻ റസിഡന്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിലും തിരുനെല്ലായി, തിരുനെല്ലായി ഗ്രാമം, പാളയം പരിസരങ്ങളിലും സ്ഥാനാർഥിയെത്തി. വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. തിരുനെല്ലായി ക്ഷേത്രത്തിലും സന്ദർശനം നടത്തി. കല്ലേക്കാട് വ്യാസ വിദ്യാപീഠം മൈതാനത്തു നടന്ന റിക്കർ കപ്പ് ട്വന്റി- ട്വന്റി ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ സമ്മാനവിതരണ ചടങ്ങിലും പങ്കെടുത്തു.
എൻഡിഎ കൺവൻഷൻ ഇന്ന്
പാലക്കാട് ∙ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്നു വൈകിട്ട് 4ന് കെആർകെ കല്യാണമണ്ഡപത്തിൽ നടക്കും. മെട്രോമാൻ ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് അധ്യക്ഷതവഹിക്കും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, ദേശീയസമിതി അംഗം എൻ.ശിവരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ, സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്, നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും.