കേൾക്കാനാരുമില്ലേ, മിണ്ടാപ്രാണികളുടെ വിലാപം; ചാത്തന്നൂർ മൃഗാശുപത്രി അടച്ചുപൂട്ടിയിട്ട് വർഷങ്ങളാകുന്നു
Mail This Article
കൂറ്റനാട് ∙ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ചാത്തന്നൂരിലെ മൃഗാശുപത്രി തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 2000 ഓഗസ്റ്റ് ആറിന് അന്നത്തെ എംഎൽഎയായിരുന്ന വി.കെ.ചന്ദ്രൻ നാട്ടുകാരുടെ നാളുകളായുള്ള ആവശ്യത്തേ തുടർന്നാണ് തിരുമിറ്റക്കോട് പഞ്ചായത്തിലെ രണ്ടാമത്തെ മൃഗാശുപത്രി കറുകപ്പൂത്തൂരിനടുത്ത് ചാത്തന്നൂരിൽ തുടങ്ങിയത്. സ്വന്തമായുള്ള സ്ഥലത്ത് മനോഹരമായ കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രി ആദ്യനാളുകളിലൊക്കെ നല്ല നിലയിൽ പ്രവർത്തിച്ചു. ഒട്ടേറെ കന്നുകാലികൾക്ക് ഇവിടെ ചികിത്സ നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു.
നാളുകൾ കഴിഞ്ഞപ്പോൾ ആശുപത്രിയുടെ പ്രവർത്തനം ആഴ്ചയിൽ ചില ദിവസങ്ങൾ മാത്രമായി ചുരുങ്ങി. പിന്നീട് അതു ചില ദിവസങ്ങളിൽ മണിക്കൂറുകൾ മാത്രമായി മാറി. അതും കൃത്യമായി ഇല്ലാത്ത അവസ്ഥയാകുന്നതാണ് പിന്നീടു കണ്ടത്. ഫലത്തിൽ ഇവിടെ ചികിത്സയ്ക്ക് എത്തിയാൽ ഡോക്ടറുടെ സേവനം ലഭിക്കുമോ എന്നുറപ്പില്ലാത്തവിധം അലങ്കോലമായപ്പോൾ രോഗികൾ എത്തുന്നതും കുറവായെന്നും നാട്ടുകാർ പറയുന്നു.
ഈ ദുരവസ്ഥയ്ക്ക് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം നിറവേറ്റുന്നതിനു പകരം ആശുപത്രിയുടെ പ്രവർത്തനം തന്നെ പൂർണമായും നിലയ്ക്കുന്നതാണ് പിന്നീട് കണ്ടത്. സമീപ കാലത്ത് ആശുപത്രി കെട്ടിടം സർക്കാർ സംവിധാനമായ ഹരിത കർമസേനയുടെ മാലിന്യ സൂക്ഷിപ്പുകേന്ദ്രമാകുന്ന വിചിത്ര കാഴ്ചയ്ക്കും നാട് സാക്ഷ്യം വഹിച്ചു. ഇത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. അതോടെ കെട്ടിടത്തിനകത്തും പുറത്തുമായി തള്ളിയ നൂറുകണക്കിന് ചാക്ക് മാലിന്യം നീക്കം ചെയ്ത് അധികൃതർ തടിയൂരി. എങ്കിലും ആശുപത്രിയുടെ പ്രവർത്തനം ഇനിയും പുനരാരംഭിച്ചിട്ടില്ല.
ദീർഘചതുരം രൂപത്തിൽ കിടക്കുന്ന തിരുമിറ്റക്കോട് പഞ്ചായത്തിന്റെ വടക്കേ അറ്റമായ എഴുമങ്ങാട് ആണ് മറ്റൊരു മൃഗാശുപത്രി ഉള്ളത്. തെക്കേ അറ്റത്തു തുടങ്ങിയ ചാത്തന്നൂരിലെ മൃഗാശുപത്രിയായിരുന്നു ഈ ഭാഗത്തുള്ളവരുടെ ആശ്രയം. ഫലത്തിൽ ഈ മേഖലയിലുള്ളവർ കിലോമീറ്ററുകളോളം താണ്ടി എഴുമങ്ങാട് മൃഗാശുപത്രിയിലാണ് കന്നുകാലികളെ ചികിത്സിക്കുന്നത്. അതുകൊണ്ട് മൃഗാശുപത്രി ഉടൻ തുറന്നു പ്രവർത്തനം തുടങ്ങണമെന്നതാണ് ആവശ്യം.